Deshabhimani

ചാല സ്വർണക്കവർച്ചയിൽ ദുരൂഹത; ഉടമയുടെ മൊഴിയിലും കണക്കിലും വൈരുദ്ധ്യം, വ്യക്തതയില്ലാതെ പൊലീസ്

chala gold
വെബ് ഡെസ്ക്

Published on Nov 14, 2026, 09:23 AM | 2 min read

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്തോറും ദുരൂഹതകൾ കൂടുന്നു. കവർച്ച നടന്ന രീതി, നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ്, പ്രതികൾ രക്ഷപ്പെട്ട വഴി എന്നിവയെക്കുറിച്ച് ജ്വല്ലറി ഉടമ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് കുഴപ്പിക്കുന്നത്.


കവർച്ച നടന്നയുടൻ രണ്ട് കിലോ (ഏകദേശം 250 പവൻ) സ്വർണ നഷ്ടപ്പെട്ടുവെന്നാണ് ഉടമ നന്ദകുമാർ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പിറ്റേന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെ 15 പവൻ സ്വർണം മാത്രമാണ് നഷ്ടമായതെന്ന് നന്ദകുമാർ നിലപാട് മാറ്റി. കൃത്യമായ ബില്ലുകൾ ഇല്ലാത്തതിനാലാണ് ഉടമ കണക്കുകൾ മാറ്റിപ്പറയുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കവർച്ച നടന്ന വ്യാഴാഴ്ച കടയിൽ വലിയ തോതിൽ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പതിവിലും കൂടുതൽ സ്വർണം ഉടമയുടെ കൈവശമുണ്ടായിരുന്നുവെന്നും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.


തലസ്ഥാന നഗരിയിലെ വൻ സ്വർണക്കവർച്ചയ്ക്കുപിന്നിൽ തിരുട്ടുസംഘമോ മലയാളിസംഘമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.. കുറച്ചുനാളുകൾക്കുശേഷം നഗരം കവർച്ചാസംഘത്തിന്റെ പിടിയിലമരുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ്‌ ചാല സ്വർണക്കവർച്ച. പൊലീസിനാകട്ടെ, കവർച്ച നടത്തിയവരെക്കുറിച്ച്‌ വ്യക്തമായ സൂചനയും ലഭിച്ചിട്ടില്ല. വ്യാപാരികൾ കടുത്ത ആശങ്കയിലാണ്‌. മധുരയിലെ വൻ സ്വർണക്കവർച്ചക്കുപിന്നാലെയാണ്‌ ചാലയിലെ കവർച്ച. പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുണ്ട്. സംഘം ഏതാനും ദിവസമായി നന്ദകുമാറിനെ നിരീക്ഷിച്ചുവന്നതായി പൊലീസ്‌ കരുതുന്നു. കവർച്ചാസംഘം സഞ്ചരിക്കുന്നതും സ്വർണമടങ്ങിയ ബാഗ്‌ പിടിച്ചുപറിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. എന്നാൽ, വണ്ടി നമ്പർ പതിഞ്ഞിട്ടില്ല.


നഗരത്തിലെ സിസിടിവി കാമറയുടെ പരിതാപകരമായ അവസ്ഥയാണിതിന്‌ കാരണം. ​​നഷ്‌ടപ്പെട്ടത്‌ പഴയ സ്വർണമെന്ന്‌ മൊഴി ​ചെറുകിട ജ്വല്ലറികളിൽനിന്ന് ശുദ്ധീകരിക്കാൻ നൽകിയ പഴയ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന്‌ ജ്വല്ലറി ഉടമ നന്ദകുമാർ. നാലഞ്ച് ദിവസമായി ശേഖരിച്ച ചെറിയ തൂക്കങ്ങളിൽ ലഭിക്കുന്ന 18, 20, 22 കാരറ്റിലുള്ള സ്വർണമാണിത്. വീട്ടിൽ കൊണ്ടുപോയി ഉരുക്കി 24 കാരറ്റാക്കി തിരികെനൽകുന്നതാണ് രീതി. ജനുവരിയിലാണ് നന്ദകുമാർ ചാലയിൽ ജ്വല്ലറി തുടങ്ങിയത്. അതിനുമുൻപ് മറ്റൊരിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.


നന്ദകുമാറും മകനും ഒരു ജീവനക്കാരിയുമാണ് ജ്വല്ലറിയിലുള്ളത്. നന്ദകുമാർ കടയിൽനിന്നിറങ്ങി 5 മിനിറ്റിനുശേഷമാണ് മകൻ കടപൂട്ടി ഇറങ്ങിയത്. ഇതിനിടെയാണ് കവർച്ച നടന്നത്. നഷ്ടപ്പെട്ട രണ്ട് കിലോഗ്രാമെന്നത് 250 പവനാണ്. മാറ്റുകുറഞ്ഞ സ്വർണമാണെങ്കിലും ഏകദേശം രണ്ടുകോടിയിലധികം രൂപ വിലമതിക്കും. കൃത്യമായ ആസൂത്രണംതിരുവനന്തപുരം കൃത്യമായ നിരീക്ഷണവും ആസൂത്രണവും കവർച്ചയ്‌ക്കു പിന്നിലുണ്ട്‌.


നന്ദകുമാർ പതിവായി പോകുന്ന രീതിയും സമയവും മനസിലാക്കിയാണ്‌ ആസൂത്രണം. നന്ദകുമാറിന്‌ പിന്നാലെ ബൈക്കിൽ എത്തിയ സംഘം സ്‌കൂട്ടറിനോട്‌ അടുപ്പിച്ച്‌ ബാഗ്‌ തട്ടിപ്പറിച്ചു അതിവേഗം സ്ഥലംവിട്ടു. നന്ദകുമാർ പിന്നാലെ പോയെങ്കിലും പവർഹ‍ൗസ്‌ ഭാഗത്തുനിന്ന്‌ അവർ എങ്ങോട്ട്‌ തിരിഞ്ഞുവെന്ന്‌ മനസ്സിലായില്ല. തുടർന്ന്‌ പൊലീസിനെ അറിയിച്ചെങ്കിലും കണ്ടെത്തിയില്ല. വിവരങ്ങൾ അറിയിക്കാൻ മറ്റൊരു സംഘമുണ്ടായിരുന്നോ എന്ന സംശയവുമുണ്ട്‌.


ദിവസവും നന്ദകുമാർ മകനെയും കൂട്ടിയാണ് ജ്വല്ലറിയിൽനിന്ന്‌ വീട്ടിലേക്ക് പോകാറ്‌. വ്യാഴാഴ്‌ച ഒറ്റയ്ക്കായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നെങ്കിലും പലവഴി ചുറ്റിക്കറങ്ങിയ മോഷ്ടാക്കൾ തമ്പാനൂർ ഗാന്ധാരി അമ്മൻ കോവിലിന് പരിസരത്ത് എത്തിയശേഷം എവിടേക്ക്‌ പോയി എന്നതിൽ വ്യക്തതയില്ല. സിറ്റി പൊലീസ്‌ കമീഷണർ അരുൾ ബി കൃഷ്‌ണ‍, ഫോർട്ട്‌ അസി. കമീഷണർ പ്രദീപ്‌ എന്നിവർ സ്ഥലത്ത്‌ പരിശോധന നടത്തി. ഫോർട്ട്‌ എസ്‌എച്ച്‌ഒ ആർ എസ്‌ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.


ജ്വല്ലറിയിലെ ജീവനക്കാർ, മുൻ ജീവനക്കാർ, സ്വർണം എത്തിച്ചുനൽകുന്ന ഏജന്റുമാർ എന്നിവരുൾപ്പെടെ പത്തോളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കടയിലെത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്. കണക്കുകളിലെ ദുരൂഹതകൾ പിന്നീട് പരിശോധിക്കാമെന്നും, ആദ്യം പ്രതികളെ പിടികൂടുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home