കീശ ചോരുന്ന വിലക്കയറ്റം; അടുക്കള ബജറ്റ് താളംതെറ്റുന്നു: ഇടപെടാതെ നോക്കുകുത്തിയായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിപണിയിൽ ഫലപ്രദമായി ഇടപെടാതെ സർക്കാർ. അരിയുടെയും പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം സാധാരണക്കാരുടെ കുടുംബബജറ്റ് പൂർണമായും താളംതെറ്റിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 50 ശതമാനം വരെയാണ് വർധനവുണ്ടായത്. ക്രിസ്മസ്–പുതുവത്സര സീസൺ അടുക്കുന്നതോടെ വിപണിയിൽ വില ഇനിയും കുതിച്ചുയരുമെന്ന ആശങ്കയിലാണ് പൊതുജനം.
വിലക്കയറ്റം പിടിച്ചുനിർത്താൻ ബാധ്യസ്ഥരായ സർക്കാർ സംവിധാനങ്ങൾ പൂർണമായും നിഷ്ക്രിയമായെന്നാണ് ഉപഭോക്താക്കളുടെ പരാതി. സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ കൃത്യമായി ലഭ്യമാക്കാനോ ഹോർട്ടികോർപ്പിലൂടെ പച്ചക്കറി വില നിയന്ത്രിക്കാനോ സർക്കാരിന് സാധിക്കുന്നില്ല. ഇതിനിടെ ബിരിയാണി അരിയുടെയും മറ്റ് സാധനങ്ങളുടെയും വിലവർധന ഹോട്ടൽ വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് ഹോട്ടലുകാരും ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയത് സാധാരണക്കാർക്ക് ഇരട്ടി പ്രഹരമായി.
അരിയുടെയും പച്ചക്കറിയുടെയും വില വർധവിനെ തുടർന്ന് ഉൗണിന് 10 രൂപവരെ ഹോട്ടലുകൾ വർധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസ് സിലിണ്ടറിന്റെയും വില വർധനവാണ് ഭക്ഷണത്തിന്റെ വില കൂട്ടാൻ സാഹചര്യമൊരുക്കിയത്. ഭക്ഷണ വില വർധിച്ചതോടെ അതിന്റെ അധികഭാരവും സാധാരണക്കാരന്റെ ചുമലിലാണ് പതിക്കുന്നത്.
അരിവിലയിലുണ്ടായ അസാധാരണമായ വർധനയാണ് സാധാരണക്കാരെ ഏറ്റവുമധികം വലയ്ക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയിൽ പൊന്നി അരിക്ക് മാത്രം 30 രൂപയോളം വർധിച്ച് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായി (നേരത്തെ 60 രൂപ). 50 രൂപയായിരുന്ന വടി മട്ടയ്ക്ക് 15 രൂപ വർധിച്ച് 65 രൂപയിലെത്തി. ഒരാഴ്ച മുമ്പ് 48 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോൾ 54–55 രൂപ നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ 11 രൂപ വർധിച്ച സോന മസൂരിക്ക് 76 രൂപയായി. കൈമ (ജീരകശാല) അരിയുടെ മൊത്തവില 145–150 രൂപയിൽ നിന്ന് 180 രൂപയായും ചില്ലറവില 200–250 രൂപയായും കുതിച്ചുയർന്നു. പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപയോളമാണ് കൂടിയത്. ഇതോടെ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് അരി വാങ്ങാൻ മാത്രം പ്രതിമാസം 350 മുതൽ 400 രൂപ വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നു.
അരിക്ക് പുറമെ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ആഗസ്തിൽ 45 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 70 രൂപ വരെയായി. ചെറിയ ഉള്ളിയുടെ വില 80 രൂപയിൽ നിന്ന് ഇരട്ടിയായി 160 രൂപയിലെത്തി. ഉഴുന്ന്, കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾക്കെല്ലാം കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് വില. മുളകിനും മല്ലിക്കും കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലായി. ഓഗസ്റ്റിൽ 58 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 62 രൂപയായി ഉയർന്നു.
ഓണക്കാലത്ത് ആരംഭിച്ച വിലക്കയറ്റം മാസങ്ങൾ കഴിഞ്ഞിട്ടും നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം വർധിപ്പിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥ മുതലെടുത്ത് ഇടനിലക്കാരുടെയും ഇടപെടലും പൂഴ്‌ത്തിവയ്‌പ്പും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നുണ്ട്. ഇതിനെതിരെയും സർക്കാർ യാതൊരു നടപടിയെടുക്കാനും തയ്യാറല്ല








0 comments