Deshabhimani

കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ: 16 വയസായാൽ ശിക്ഷിക്കാം; പരിഗണിക്കണമെന്ന്‌ ഹൈക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Nov 14, 2026, 11:08 AM | 1 min read

കൊച്ചി : കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് ശിക്ഷ ഇളവ്‌ പ്രായപരിധി 16 ആക്കുന്നത് നിയമനിർമാണ സഭകൾ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. ഇ‍ൗ പ്രായമാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ പക്വത കൈവരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും വിലക്കുന്ന കേരള അബ്കാരി നിയമത്തിലെ 15ബി വകുപ്പ് കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ വകുപ്പ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർക്ക് കോടതി നിർദേശം നൽകി. നിയമവ്യവസ്ഥ കൃത്യമായി നടപ്പാക്കാനാവുന്ന നിർദേശങ്ങളും ഉൾപ്പെടുത്തണം.


23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും ഉപയോഗിക്കുന്നതും അബ്കാരി നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണെങ്കിലും കൃത്യമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ലൈസൻസുള്ള സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം തടസമില്ലാതെ ലഭിക്കുന്നത് എക്സൈസിന്റെ വീഴ്ചയാണ്. 18 വയസിൽ താഴെയുള്ളവർ പോലും ബാറുകളിലും മറ്റും കയറി മദ്യപിച്ച ശേഷം അപകടങ്ങൾ വരുത്തിവയ്‌ക്കുന്നുണ്ട്. നെടുമ്പാശേരിയിൽ 19 കാരൻ മദ്യപിച്ച്‌ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. ചില എക്സൈസ് ഉദ്യോഗസ്ഥർ ബാർ മാനേജ്മെന്റുകളിൽ നിന്ന് കോഴവാങ്ങി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നു. നെടുമ്പാശേരി അപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home