Deshabhimani

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി ബാങ്കുകൾ; വായ്പാ നിരക്കുകളും കൂടുന്നു

bank

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 14, 2026, 11:22 AM | 2 min read

ന്യൂഡൽഹി: തെരഞ്ഞെടുത്ത സ്ഥിരനിക്ഷേപ കാലാവധികളിലേക്കുള്ള പലിശ നിരക്കുകൾ ഉയർത്തി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനവും കടന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലും പലിശ നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് ബാങ്കുകളുടെ ഈ നീക്കം. നിക്ഷേപ നിരക്കുകൾക്കൊപ്പം വായ്പാ പലിശ നിരക്കുകളും ബാങ്കുകൾ ഉയർത്തിത്തുടങ്ങി.


എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി എംസിഎൽആർ അധിഷ്ഠിത വായ്പാ നിരക്കുകളിൽ 5 മുതൽ 20 ബേസിസ് പോയിന്റ് വരെ വർധനവ് വരുത്തിയിട്ടുണ്ട്. ഒക്ടോബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ വർധനവ് വരുത്തിയതിന് പിന്നാലെയാണ് നടപടി.


പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ പ്രത്യേക 555 ദിവസത്തെ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പദ്ധതിയായ 'ബോബ് ഗോൾഡൻ ഗോൾ ഡെപ്പോസിറ്റ് സ്കീമിന്റെ' പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം പരമാവധി പലിശ 7.50 ശതമാനമായി ഉയർന്നു. മൂന്ന് കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ബാധകമാകുക. സാധാരണ നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 6.85 ശതമാനവും പിൻവലിക്കാൻ സാധിക്കാത്തവയ്ക്ക് 6.90 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.40 ശതമാനം വരെയും, 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 7.50 ശതമാനം വരെയും പലിശ ലഭിക്കും. മറ്റ് കാലാവധികളിലുള്ള നിക്ഷേപ നിരക്കുകളിൽ മാറ്റമില്ല.


മുതിർന്ന പൗരന്മാർക്ക് ടേം ഡെപ്പോസിറ്റുകളിൽ നൽകിയിരുന്ന അധിക പലിശ ആനുകൂല്യം ഫെഡറൽ ബാങ്ക് 0.50 ശതമാനത്തിൽ നിന്ന് 0.60 ശതമാനമായി ഉയർത്തി. ഇതോടെ തെരഞ്ഞെടുത്ത കാലാവധികളിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പരമാവധി പലിശ 7.50 ശതമാനമായി. നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിരക്കുകൾ 18 മാസത്തേക്കും, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള കാലാവധികൾക്കുമാണ് ബാധകം.


കാലാവധിക്ക് മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.40 ശതമാനവും, ഒരു കോടി രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കാൻ സാധിക്കാത്ത നിക്ഷേപങ്ങൾക്ക് 7.50 ശതമാനവും പലിശ ലഭിക്കും. 35 മാസത്തെ കാലാവധിയിൽ ഇവയുടെ വാർഷിക ആദായം യഥാക്രമം 8.18 ശതമാനവും 8.30 ശതമാനവും വരെയാകാമെന്ന് ബാങ്ക് വ്യക്തമാക്കി. എൻആർഐകൾ ഉൾപ്പെടെയുള്ള സാധാരണ ഉപഭോക്താക്കൾക്ക് ഈ രണ്ട് വിഭാഗങ്ങളിലായി യഥാക്രമം 6.80 ശതമാനവും 6.90 ശതമാനവും പലിശ ലഭിക്കും. മൂന്ന് കോടി രൂപയ്ക്ക് താഴെയുള്ള ഒറ്റത്തവണ നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ ബാധകം.


സ്വകാര്യ ബാങ്കുകളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് തെരഞ്ഞെടുത്ത കാലാവധികളിൽ 50 ബേസിസ് പോയിന്റ് വരെയും, ഐസിഐസിഐ ബാങ്ക് ദീർഘകാല നിക്ഷേപങ്ങളിൽ 10 ബേസിസ് പോയിന്റും പലിശ വർധിപ്പിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ ഉപഭോക്താക്കൾക്കുള്ള പരമാവധി പലിശ 6.80 ശതമാനമാക്കി ഉയർത്തി.


പൊതുമേഖലാ ബാങ്കുകളിൽ കാനറ ബാങ്ക് 555 ദിവസത്തെ നിക്ഷേപം ഉൾപ്പെടെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വരെ പലിശ കൂട്ടി. ഇന്ത്യൻ ഓവർസീസ് ബാങ്ക് 444 ദിവസത്തെ നിക്ഷേപ നിരക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി 6.75 ശതമാനമാക്കി. ഇന്ത്യൻ ബാങ്ക് 555 ദിവസത്തെയും 777 ദിവസത്തെയും പ്രത്യേക നിക്ഷേപ പദ്ധതികളുടെ പലിശ 15 ബേസിസ് പോയിന്റ് വീതം വർധിപ്പിച്ച് യഥാക്രമം 6.80 ശതമാനവും 6.75 ശതമാനവുമാക്കി. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം വരെയും, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 8.60 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home