Deshabhimani

നിലത്തുകിടന്ന പടക്കം വായിലിട്ട് കടിച്ചു; ഛത്തീസ്ഗഢിൽ രണ്ടുവയസുകാരന് ദാരുണാന്ത്യം

crackers
വെബ് ഡെസ്ക്

Published on Nov 14, 2026, 11:32 AM | 1 min read

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ നവപാര ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. നവപാര സ്വദേശി ഇന്ദ്രജിത് മാഞ്ചിയുടെ മകൻ ആദിത്യയാണ് മരിച്ചത്.


നവംബർ ഒൻപതിന് രാവിലെയായിരുന്നു അപകടം. അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആദിത്യ നിലത്തുകിടന്ന വെളുത്തുള്ളിയുടെ ആകൃതിയിലുള്ള ഒരിനം പോപ്പ്-പോപ്പ് പടക്കം എടുത്ത് വായിലിടുകയായിരുന്നു.


നിലത്തടിക്കുമ്പോഴോ സമ്മർദ്ദം ചെലുത്തുമ്പോഴോ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പടക്കമാണിത്. കുട്ടി വായിലിട്ട് കടിച്ചതോടെ പടക്കം പൊട്ടിത്തെറിക്കുകയും മോണയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടാവുകയും ചെയ്തു.


അപകടത്തിന് പിന്നാലെ കുട്ടിയെ സീതാപൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം നിന്നതോടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും രക്തസ്രാവം വീണ്ടുമുണ്ടാവുകയും നില വഷളാവുകയുമായിരുന്നു. നവംബർ 11 ന് ജില്ലാ ആസ്ഥാനമായ അംബികാപൂരിലെ സ്വകാര്യ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിയുടെ തൊണ്ടയിൽ പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പിതാവ് ഇന്ദ്രജിത് മാഞ്ചി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home