Deshabhimani

കവർസ്റ്റോറി

മേതിലിന്റെ അപസർപ്പണങ്ങൾ

പടം
avatar
സജയ് കെ വി

Published on Nov 14, 2026, 11:50 AM | 6 min read

"When I spoke to a stone,
It rang like a bell.'
(Too Many Names, Pablo Neruda)
​
"ധ്രുവക്കരടി' എന്ന കവിതയാവണം മേതിൽ ഏറ്റവും ഒടുവിലെഴുതിയത്. കവിതയിൽ നിറഞ്ഞുനിൽക്കുന്നത് ശൈത്യമാണ്, അതും ധ്രുവങ്ങളിലെ കൊടുംശൈത്യം. അതിനേക്കാൾ വലുതായി ഒന്നേയുള്ളൂ, അത് മരണമുണർത്തുന്ന അതിഗാഢശൈത്യമാണ്. ആ ശൈത്യത്തെക്കുറിച്ചായിരുന്നു മേൽപ്പറഞ്ഞ മേതിൽക്കവിത.
കവിത ഇങ്ങനെ-:
‘ഏതു മഞ്ഞിലും മഴയിലും
എത്ര കൊടുംതണുപ്പിലും ഞാൻ
വാതിലകത്തിൽ കുപ്പായമിടാതിരിക്കയാൽ,
ഇരുപത്തഞ്ചു ഡിഗ്രി സെൽസിയസ് പോലും
എനിക്ക് ഉഷ്ണമേഖലയാകയാൽ,
നീ എനിക്കൊരു പേരിട്ടു: "പോലർ ബെർ.’
​
​ഇപ്പോൾ ക്രൈസ്‌തവ മുറയിൽ
(ജീസസിന്റെ കാലുകളിൽ ജോൺ എന്ന പോലെ)
ഞാൻ നിന്റെ കാലുകളിൽ വീഴുമ്പോൾ,
എന്റെ വിരലുകൾ നിന്റെ ഉള്ളംകാലിലെ തണുപ്പറിയുമ്പോൾ,
ഞാൻ ഒരു ധ്രുവക്കരടി, ഈ തണുപ്പ് എന്റെ നിവാസഭൂമി,
എന്റെ കാലാവസ്ഥ, എന്റെ ആർക്റ്റിക്.
​
ഉള്ളംകാലിൽ അതിരെടുക്കുന്ന ഈ തണുപ്പിൽ
നീ എന്റെ പുത്രിയല്ല, പിതാവാണ്.
ഈ തണുപ്പിൽ എന്നും നിന്റെ കാൽക്കീഴിൽ കിടക്കാൻ ഞാൻ കൊതിക്കുന്നു
സ്വന്തം ജി പി എസ് ഇടം കണ്ടെത്തിയ ധ്രുവക്കരടി.
(മരണമേ, എന്റെ മരണമേ, നിന്റെ ഉപകരണത്തിൽ
എന്നെ ഇവിടെ കണ്ടെത്തുക!)
​
ഉള്ളംകാലിലെ തണുപ്പിന്റെ മൗനത്തിൽ
ഒരു വചനം ഞാൻ കേട്ടിരുന്നു:
"ഭയക്കാതിരിക്കുക!'’’


പടംഫോട്ടോ: കെ ആർ വിനയൻ
​
വ്യക്തിഗതമായ ഒരു കൊടും നൈരാശ്യത്തെപ്പോലും ഇങ്ങനെ സാന്ദ്രമായും സൂക്ഷ്മമായും തീവ്രമായും രൂപാന്തരപ്പെടുത്താൻ കഴിയുന്ന കവികൾ നമ്മുടെ ഭാഷയിൽ വിരളമാണ്. ധ്രുവക്കരടി എന്ന രൂപകത്തെ ഏകാന്തതയുടെ ഹിമത്തരിശിലകപ്പെട്ട, മകളെ നഷ്‌ടപ്പെട്ട, വൃദ്ധനായ അച്ഛനുമായന്വയിക്കുകയാണ് മേതിൽ. നിശ്ശബ്ദമാക്കപ്പെട്ട ഒരു രോദനം പോലെ, മേതിലിയൻ ഭാഷയിൽ പറഞ്ഞാൽ, ഒരു നിശ്ശബ്ദസിനിമയിലെ മരണരംഗംപോലെ അതു നമ്മെ വന്നു തൊടുന്നു.
​മേതിലിന്റേതായി ഞാൻ ആദ്യം വായിച്ചത് ഒരു പ്രണയകവിതയായിരുന്നു. അസാധാരണമായ പ്രണയകവിത എന്നു തന്നെ പറയണം അതിനെപ്പറ്റി. ആദ്യത്തെ കണ്ണടയുടെ സുഖം അദൃശ്യത വീണ്ടും ദൃശ്യമായിത്തീരുന്നതിന്റെ സുഖമാണെന്നു പറയുന്നു ആ കവിത. ആദ്യത്തെ പ്രണയനഷ്‌മോ? അത് ആ കണ്ണട ഉടയുന്നതിന്റെ വേദനയും.
‘ആദ്യത്തെ കണ്ണടയുടെ സുഖം
ആദ്യത്തെ പ്രേമത്തിന്റെ സുഖമാകുന്നു.
മങ്ങി, രൂപമഴിഞ്ഞ ലിപികൾ
പെട്ടെന്നു തെളിഞ്ഞു വരുന്നത്
മങ്ങിയ ഓർമകൾ പെട്ടെന്ന്
നൃത്തങ്ങളും ചിത്രശലഭങ്ങളുമാകുന്നതു പോലെയാണ്'
ആധുനികതയോടൊപ്പം മലയാളിയെ ആവേശിച്ച നോവൽ ഭാവനയായിരുന്നു ​മേതിലിന്റെ "സൂര്യവംശം.' ധൂർത്തമായ കവിത്വമുപയോഗിച്ചു മാത്രം എഴുതാനാവുന്ന നോവലായിരുന്നു അത്. യമുനയും ചക്രപാണിയും പ്രസാദും മായയും ജയദേവനും ചേർന്നു നിർമിച്ച പ്രേമത്തിന്റെയും കാമത്തിന്റെയും മരണത്തിന്റെയും ദുരൂഹജ്യാമിതി. അപസർപ്പകനോവലിന്റെ അടിസ്ഥാനശിലകളിൽ പടുത്ത കറുത്തനിറമുള്ള ഒരു താജ്മഹൽ. യമുന എന്ന പേരിലൂടെ ഒരു കറുത്ത നദി ഒഴുകുന്നുണ്ട്. അവളാകട്ടെ, പുരാണപ്രകാരം, സൂര്യന് ഭാര്യയായ ഛായയിലുണ്ടായ മകളുമാണ്. തന്റെ കാമുകിയെ ബലാൽക്കാരം ചെയ്‌തവനെ, ചക്രപാണിയെ, അവൻ,- പ്രസാദ്- കൊലപ്പെടുത്തുകയും ആ കുറ്റം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. അപസർപ്പണത്തിന്റെ വിലോമഗതിയിലുള്ള (Antidetective) സഞ്ചാരമാണിത്. ഒരപസർപ്പകകഥയുടെ, സ്വമേധയാ ഛിദ്രപ്പെട്ടുപോയ ഭ്രൂണമെന്നു വിശേഷിപ്പിക്കാം "സൂര്യവംശ'ത്തെയും മേതിലിന്റെ പല കഥകളെയും. പുഴ, അതിന്റെ ഉപരിതലമല്ല, ആഴമാണെന്ന് പറയാറുണ്ട്. മേതിൽ ഇതു രണ്ടുമാണ്. അപസർപ്പണത്തിന്റെയും കവിതയുടെയും ഉപരിതലത്തിൽനിന്ന് ആഴത്തിലേക്ക്‌ പടരുന്ന നീർവേരുകൾ. ആഴവും ഉപരിതലവും ഒരുപോലെ ചേതോഹരമാകുന്നു മേതിലിന്റെ എഴുത്തിൽ. ചില ആനുഷംഗിക പരാമർശങ്ങൾ പോലും അത്രമേൽ കാവ്യാത്മകമായ ഒരു യുക്തിയാൽ കഥാഗാത്രത്തിന്റെ ജീവൽഘടകമായിത്തീരുന്ന ആഖ്യാനങ്ങൾ. "വരമ്പിൽ ഒരു കൊറ്റി' എന്ന കഥയിലെ ഈ ഭാഗം നോക്കൂ-:
"എന്നാൽ ഇപ്പോൾ?
ഇപ്പോൾ പകൽവെളിച്ചത്തിൽ പോത്തുകളെ തെളിച്ച് നിലം ഉഴുമ്പോൾ തന്റെ ചുറ്റുപാടുകൾ താൻ കണ്ട സ്വപ്‌നത്തിന് നേർവിപരീതം. ചുറ്റും ഒരിടത്തും കാണാനില്ലാത്ത നിറം ഇപ്പോൾ ചുവപ്പാണ്. ആകാശം നീലയും മേഘങ്ങൾ വെളുപ്പും. കൊറ്റിയും വെളുപ്പ്. പോത്തുകൾ കറുപ്പ്, ചാരം. വയൽപ്രദേശത്തിന്റെ വക്കുകളിലും ഇടവേളകളിലും ചില പച്ചകൾ. അവിടവിടെ കലക്കുവെള്ളത്തിന് ചായയുടെയും കാപ്പിയുടെയും ഓറഞ്ചിന്റെയും നിറങ്ങൾ. ചുവപ്പിന്റെ തരി പോലും എവിടെയുമില്ല! ചുവന്ന പൂവുകളെല്ലാം എവിടെപ്പോയി? വരമ്പിലെ കൊറ്റിയുടെ ഈ നിശ്ചലചിത്രം എന്തൊരു നിശ്ചലചിത്രമാണ്!
​ആ കുട്ടികൾ?
അയാൾ തിരിഞ്ഞുനോക്കി. കുട്ടികൾ ബകധ്യാനം തുടരുന്നു. അവരുടെ ചൂണ്ടലിൽ ഇനിയും മീൻ കൊത്തിയിട്ടില്ല. അവരുടെ മനസ്സിൽ വലിയൊരു തർക്കമുണ്ട്. അതു കമ്പിസന്ദേശം പോലെ ചൂണ്ടൽച്ചരടിലൂടെ പാഞ്ഞ് മീനുകൾക്ക് താക്കീത് നൽകിയിരിക്കാം.
​വായുവിൽ താക്കീതുണ്ട്.'
​ഒരു "ടിപ്പിക്കൽ' മേതിലിയൻ ആഖ്യാനഖണ്ഡമാണിത്. ആദ്യഖണ്ഡികകളിൽ നിറങ്ങളുടെ ചാകര, മോനേ (Edward Monet)യുടെ ക്യാൻവാസ് പോലെ. വയലിന്റെ ചിത്രകാരനാവുന്നു മേതിൽ. അനന്തരം, "കുട്ടികൾ ബകധ്യാനം തുടരുന്നു' എന്ന രസികൻ പ്രയോഗം, അതും ബകവും ബകധ്യാനവും പ്രമേയമാകുന്ന ഒരു കഥയിൽ! അതിനെത്തുടർന്ന്, അപസർപ്പകാഖ്യാനമെന്നു തോന്നിക്കുന്ന ചില വാക്യങ്ങൾ- "വായുവിൽ താക്കീതുണ്ട്' എന്നതുപോലെ. ആ ചെറുവാക്യത്തിനുപോലും എന്തൊരു സ്‌തോഭജനകത്വമാണ് ഈ ആഖ്യാനമുഹൂർത്തത്തിൽ എന്നു നോക്കുക. ഇതിനു തൊട്ടുമുൻഖണ്ഡികയിൽ നമ്മൾ ഇങ്ങനെയും വായിക്കുന്നു-:


പടം
"അപ്പോഴാണ് ഞെട്ടൽ.
ചോരയ്‌ക്കു മാത്രം നിറമുള്ള ഭൂദൃശ്യത്തിൽ സ്വപ്‌നങ്ങൾക്കു മാത്രം നടപ്പിലാക്കാൻ കഴിയുന്നൊരു ഭീതി വിങ്ങിനിന്നിരുന്നു. അതെന്തെന്ന് അയാൾക്ക് കൃത്യമായും അറിയാം. കൊറ്റിയുടെ നേർക്കുണ്ടായത് ഒരു ട്രയൽ ഷോട്ടാണ്. ശരിയായ ഉന്നം, ഇര, ഞാനാണ്! കൊറ്റിയെ വെടി വെച്ചവൻ ചുറ്റുവട്ടത്തെവിടെയോ ഉണ്ട്. ഒരു പക്ഷേ, തന്റെ കശേരുവിന്റെ അറ്റത്തേക്ക്‌ തോക്കുചൂണ്ടിക്കൊണ്ട്, തൊട്ടു പിറകിലുണ്ട്.'
ഈ അപസർപ്പകാന്തരീക്ഷം എത്ര അനന്യം എന്ന് നാം അമ്പരക്കുന്നു, വിഖ്യാതമായ അപസർപ്പകാഖ്യാനങ്ങളെപ്പോലും നിസ്‌തേജമാക്കാൻ പോന്നത്! മേതിലിയൻ ആഖ്യാനങ്ങളിലെ സ്ഥിരസാന്നിധ്യമായ ഹിച്കോക്കിൽ നിന്നു കൈവന്ന ശിക്ഷണവും അപസർപ്പണകൗതുകവും ചേർന്നു സൃഷ്‌ടിക്കുന്ന രസപാകമാണിത്; ഭയം, നിഗൂഢത, ഉദ്വേഗം, കുറ്റകൃത്യത്തിന്റെയും കുറ്റവാളിയുടെയും ചോര മണക്കുന്ന അന്തരീക്ഷം എന്നിങ്ങനെ. എന്നാൽ ഈ ഊടിൽ മേതിൽ നെയ്‌തെടുക്കുന്നതാകട്ടെ തീർത്തും വ്യത്യസ്‌തമായ, അപസർപ്പകേതരമായ മറ്റൊരാഖ്യാനവും.
​"തൂങ്ങിക്കിടക്കുന്ന റിസീവർ' കഥയിലെ, കുതിരപ്പന്തയം നടക്കുന്ന മൈതാനത്തിന്റെ ഈ വിവരണം നോക്കൂ-:
"പല കുതിരശക്തികളിൽ ചിനയ്‌ക്കുകയും അണയ്‌ക്കുകയും ചെയ്യുന്ന കാറ്റ്; കുതിരവായിലെ നീരാവി ഈ കുന്നുകളോളം പെരുത്തുണ്ടായ മഞ്ഞ്; തിളങ്ങുന്ന കടിഞ്ഞാണുകൾ അയച്ചും മുറുക്കിയും ചാറുന്ന മഴ; ഒളിംപിക് സ്വർണത്തേക്കാൾ അകലത്തായ സൂര്യൻ... ഇന്നത്തെ പ്രഭാതത്തിൽ പ്രത്യേകിച്ചും!'
-നോക്കൂ, ആകെ അശ്വമയം! കാറ്റും മഞ്ഞും മഴയുമെല്ലാം ഏതോ പ്രാപഞ്ചികാശ്വത്തിന്റെ വായിലെ നീരാവിയോ പേശിയുടെ പ്രവേഗമോ അതിന്റെ കടിഞ്ഞാണിന്റെ മുറുക്കമോ. ഒളിംപിക് സ്വർണത്തേക്കാൾ വിദൂരസ്ഥമായ സൂര്യൻ, എന്നതിലെ ലഘുനർമം. "ഇന്നത്തെ പ്രഭാതത്തിൽ വിശേഷിച്ചും' എന്നതിലെ പരിണാമഗുപ്തിയുണർത്തുന്ന ഉദ്വേഗത്തിന്റെ പൊരി. ഇവയെല്ലാം ചേരുന്ന ഒരു തകർപ്പൻ ആഖ്യാന ഖണ്ഡമാണത്.
തുടർന്ന്, ഇങ്ങനെയും:-
"ഇവിടം ഒരണ്ണാർക്കണ്ണനാണ്, ഭൂദൃശ്യത്തെപ്പറ്റി സോണി വിചാരിച്ചു.
അണ്ണാന്റെ മുതുകിലെ മൂന്നു വരകളും ഇവിടെയുണ്ട്.'
അതിനൊടുവിൽ ഇങ്ങനെയും:-
"അണ്ണാന്റെ വാലിലെ കാറ്റുമില്ലും ഇവിടെയുണ്ട്. സിൽവർ പൈനുകളിൽ അതു പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതു കാറ്റാണ്.'
പഴയ, ആധുനികനായ എലിയറ്റിനു കൂടി പ്രിയങ്കരരായിരുന്ന,
"മെറ്റഫിസിക്കൽ കവി'കളുടെ ധിഷണാദ്യോതകമായ സാദൃശ്യകൽപ്പന
(conceit)കളുടെ, അതിശയകരമായ ഭാവനാശേഷിയുള്ള ഒരാൾക്കു മാത്രം സാധിക്കുന്ന, പുനർനവമാണിത്.
​ഇങ്ങനെയൊക്കെ, അപസർപ്പകാന്തരീക്ഷത്തിലും വിജനതയിലും ടെലഫോൺ ബൂത്തിൽ തൂങ്ങിയാടുന്ന റിസീവറിന്റെ ആത്മഹത്യാപ്രതീതിയിലും തുടങ്ങുന്ന ഈ രചന, ഒരു രാഷ്‌ട്രീയ കഥയാണ്. അതിന്റെ സൂചനകൾ അങ്ങിങ്ങായി ആ കഥയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, കുഴിബോംബുകൾ പോലെ, അഗോചരമാണ് അവയുടെ സാന്നിധ്യം. വലിയ ഹോർഡിങ്ങുകളിൽ എഴുതിയ പരസ്യവാചകം പോലെ അത്ര ദൂരത്തു നിന്നുപോലും കാണാനാവുംവിധം പ്രകടമോ പ്രകടനപരമോ അല്ല അത്. ധ്വനിയുടെ സൂക്ഷ്മഭാഷയിലെഴുതപ്പെട്ട കവിതയാണത്. അഥവാ കവിതയുടെ ഭാഷയിലെഴുതപ്പെട്ട രാഷ്‌ട്രീയ കഥ. സോവിയറ്റ് യൂണിയന്റെ തകർച്ചയെക്കുറിച്ചാണത് സംസാരിക്കുന്നത്. അതിലൂടെ, തൂങ്ങിക്കിടക്കുന്ന ഒരു ടെലഫോൺ റിസീവറെന്നോണം, വിനിമയത്തിന്റെ തുലാസിലെ തട്ടുകൾക്കിടയിലെ സന്തുലനം നഷ്‌ടപ്പെട്ട് അവതാളത്തിലായ ഒരു ലോകക്രമത്തെക്കുറിച്ചും. ഈ ക്രമം പുനഃസ്ഥാപിക്കാനാണ് കഥയിലെ പന്തയക്കുതിരയോട്ടക്കാരനായ സോണി ശ്രമിക്കുന്നത്. അതിൽനിന്ന്, ആ റിസീവറിൽനിന്ന്, അയാൾ അവസാനമായി കേൾക്കുന്ന വാക്ക്, "ഷട്ടപ്പ്' എന്നാകുന്നു. എന്താണ് ഷട്ടപ്പ്? സംസാരിക്കുന്നവനോട്, ആ സംസാരമിഷ്‌ടപ്പെടാത്ത അസഹിഷ്ണുവിന്റെ ക്രുദ്ധമായ പ്രതികരണമാണത്. ഓരോ ഏകാധിപതിയും ജനതയോടു പറയുന്നു, "ഷട്ടപ്പ്.' സമഗ്രാധിപത്യത്തിന്റെ സ്വഭാവം കൈവരിച്ച വ്യവസ്ഥിതിയും ഭരണകൂടവും പറയുന്നു, "ഷട്ടപ്പ്.' ഈ ഷട്ടപ്പാണ് മുഴങ്ങുന്നത്, "കസാൻഡ്ര' എന്ന കുതിരയെ ഓടിക്കുന്ന സോണിയുടെ കാതിൽ, ഈ കഥയ്‌ക്കൊടുവിൽ. ആരാണ് കസാൻഡ്ര? അത്, പ്രവവചനസിദ്ധിയുണ്ടായിരുന്നിട്ടും ആളുകളാൽ അവിശ്വസിക്കപ്പെടുക എന്ന ശാപം പേറി നടന്ന ഒരു പ്രവാചകയുടെ പേരാണ്, യവനപുരാണത്തിൽ. കഥയിൽ നാം ഇങ്ങനെ വായിക്കുന്നു-:
"കോസ്മോനോട്ട് യൂറി ഗഗാറിൻ! എങ്കിൽ, ഇതു കേൾക്കണം. ഞങ്ങളുടെ കുതിരയുടെ പേര് കസാൻഡ്ര എന്നായിരുന്നു. ഒരു മുൻ കമ്യൂണിസ്‌റ്റിന്റെ മനസ്സിലെ കമ്യൂണിസത്തിന്റെ പേരാണത്. അടുത്ത കാലത്ത് ഞാൻ മുതലാളിയുടെ സമ്മതത്തോടെ കുതിരയുടെ പേര് ഗാസ്നോസ്‌റ്റ് എന്നാക്കി മാറ്റി.'
ഗഗാറിനാണ് തൂങ്ങിയാടുന്ന റിസീവറിന്റെ അങ്ങേയറ്റത്ത്. അറുപതുകളിൽത്തനെ അന്തരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌ത ഗഗാറിനാണ് സംസാരിക്കുന്നത് ഗാസ്നോസ്‌റ്റിന്റെ എൺപതുകളോട്. ഇതാ, ഈ കഥയിലെ തിളങ്ങുന്ന ഒരു രാഷ്‌ട്രീയപ്രസ്‌താവനയുടെ മുഹൂർത്തം-:
"റഷ്യക്കാരനല്ലാത്തവർക്ക് റഷ്യയിൽ നടക്കുന്ന കാര്യങ്ങൾ അറിയാനവകാശമില്ല. നിങ്ങൾ ഫ്രീ പ്രസ്സെന്നൊക്കെ പറയും. അത് അമേരിക്കയ്‌ക്ക്‌ പറ്റും. അമേരിക്ക സ്വയം ഒരു പരസ്യമാണ്. ടിവി പരസ്യം. സിസ്‌പ്ലേ ബോർഡ്. ഹോളിവുഡ് നടിയുടെ നഗ്നത. ചിലർക്കങ്ങനെ നഗ്നരാവാൻ നിർവാഹമുണ്ടാവില്ല. വ്യക്തിയുടെ സ്വകാര്യത എന്നു പറയുന്നതുപോലെ രാഷ്‌ട്രത്തിനും ഒരു സ്വകാര്യതയില്ലേ? സ്വന്തം കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് മറച്ചുപിടിക്കാനുള്ള അവകാശം? അതെങ്ങനെ ഇരുമ്പുമറയാകും? സോവിയറ്റ് റഷ്യയുടെ മനസ്സ് മാരിലിൻ മൺറോയുടെ ശരീരമല്ല. അല്ലെങ്കിൽ മാരിലിൻ മൺറോ ആത്മഹത്യ ചെയ്‌തതെന്തുകൊണ്ട്? ചിന്തിക്കയാണോ? എങ്കിൽ ഒരു കാര്യംകൂടി ചിന്തിച്ചുകൊള്ളുക. റഷ്യൻ വ്യവസ്ഥയിൽ ആത്മഹത്യ ചെയ്യുന്നത് മാക്സിം ഗോർക്കിമാരാകുമ്പോൾ അമേരിക്കൻ വ്യവസ്ഥയിൽ ആത്മഹത്യ ചെയ്യുന്നത് മാരിലിൻ മൺറോമാരാകുന്നതെന്തുകൊണ്ട്?'
കഥയിൽ ഈ വാക്കുകൾ പറയുന്നത് ഗഗാറിനാണ്; യൂറി ഗഗാറിനാണ് താൻ എന്നവകാശപ്പെടുന്ന ശബ്ദമാത്രനായ ആ അരൂപി. അയാളോട് ടെലഫോണിന്റെ ഇങ്ങേയറ്റത്തുനിന്നു സംസാരിച്ചിരുന്ന പെൺകുട്ടിയുടെ പേരാകട്ടെ, "മാരിലിൻ' എന്നും.
​"നമ്മുടെ കാലഘട്ടത്തിൽ ഓരോ സംഭാഷണവും ഓരോ വിചാരണയാണ്' എന്നും ‘പുരുഷന്റെ പ്രേമം പോലും ഒരു വിചാരണയാണ്' എന്നും ഈ കഥയിൽ നമ്മൾ വായിക്കുന്നുണ്ട്. സമാനമായ ഒരു സന്ദർഭത്തിൽ, "ഉടൽ ഒരു ചൂഴ്നില' എന്ന കഥയിൽ ഇങ്ങനെയും-:
"നഗ്നത മറച്ചുവയ്‌ക്കാൻ എപ്പോഴെങ്കിലും ഒരു പെൺകുട്ടിക്കു കഴിയുമോ? ഓരോ ദൂരദർശിനിയും അവൾ പുടവയഴിക്കുന്നേടത്താണ്. എത്ര അകലത്തു നിന്നാലും അവളുടെ അവയവങ്ങൾ ക്ലോസപ്പിലാണ്. വെളിച്ചമില്ലാത്ത കൽത്തുറുങ്കിൽ കിടന്നാലും അവൾ എവന്റെയോ മനസ്സിലോടുന്ന നീലപ്പടമാണ്.'
-മലയാളത്തിലെ ആൺ-പെൺ ഫെമിനിസ്‌റ്റുകൾക്കാർക്കും ഇന്നേവരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത, നിശിതമായ സത്യസന്ധതയാൽ കത്തിമുന പോലെ തിളങ്ങുന്ന ഒരു വാക്യം!
​"സ്വപ്‌നം,
അതൊരു കവാടം, അതിനപ്പുറത്ത്
നെറ്റിയിൽ നിഴലിടുന്ന തൊപ്പിയും
ഇരുണ്ട കയ്യുറകളുമായി
നിങ്ങളെക്കാത്തൊരാൾ നിൽപ്പുണ്ട്',
"ആൽഫ്രഡ് ഹിച്ച്കോക്കിന്റെ പ്രേമഗാനം' (‘ആൽഫ്രഡ് ജെ പ്രൂഫ്റോക്കിന്റെ പ്രേമഗാനത്തിന്റെ പാരഡിയോ അതിൽ ആൽഫ്രഡ് ഹിച്ച്കോക്കിനെ ഒട്ടിച്ചു ചേർത്തുണ്ടാക്കിയ ഒട്ടു (portmanteau)പദമോ ഇത്!) എന്ന കഥയിലെ നകുലൻ എഴുതുന്ന കവിതയിലെ വരികളാണിത്. ഇയ്യിടെ, പി പി രാമചന്ദ്രൻ നിരീക്ഷിച്ചതു പോലെ ഒരപസർപ്പകകവിത! ഇത് സ്വപ്‌നത്തെക്കുറിച്ചാണ്, അഥവാ ദുഃസ്വപ്‌നത്തെക്കുറിച്ച്. സ്വപ്‌നഘടന (dream logic) യവലംബിക്കുന്നവയാണ് മേതിലിയൻ ആഖ്യാനങ്ങൾ പലതും. ഒരിക്കലും താഴേക്കു വീഴാത്ത ഡിലൻ തോമസിന്റെ പന്തുപോലെയോ കയററ്റത്തു നിന്നുള്ള പുലവന്റെ തിരോധാനം പോലെയോ സ്വപ്‌നനിർഭരമാണ് പല മേതിൽക്കഥകളും
(സ്വപ്‌നം, സാമാന്യയുക്തിയെ എന്ന പോലെ, വീണ്ടും താഴേക്കു വീഴാത്ത പന്ത്, ഭൂഗുരുത്വത്തിന്റെ യുക്തിയെയും റദ്ദു ചെയ്യുന്നു!). "വരമ്പിൽ ഒരു കൊറ്റി' എന്ന കഥയിൽ ഇങ്ങനെയും ഒരു നിരീക്ഷണമുണ്ട്-:
"അല്ലെങ്കിൽ പേക്കിനാവും ജീവിതവും തമ്മിൽ എന്താണ് വ്യത്യാസം? ഞെട്ടിയുണർന്നാൽ അതേവരെ നടന്നതെല്ലാം പേക്കിനാവാകുന്നു. ഞെട്ടിയുണർന്നില്ലെങ്കിൽ അതെല്ലാം ജീവിതമായി തുടരുന്നു.'
"നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതു പോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല, കേവലത്തിൽ-
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു' (ആത്മോപദേശ ശതകം) എന്ന് നാരായണ ഗുരു; "We are such stuff as dreams are made on' എന്ന് ഏവണിലെ മഹാകവിയും. ഈ രണ്ടു പേരുമുപയോഗിച്ച മഷികൾ തമ്മിൽ കൂട്ടിക്കലർത്തി, മൂന്നാമതൊരു മഷി നിർമിച്ച് അതു നിറച്ച പേനകൊണ്ടെഴുതുകയായിരുന്നു മേതിൽ.
​"കല്ലിനുള്ളിൽ ഒരു ദേവാലയമുണ്ട്,
മണിയൊച്ച
പുറത്തു വരുന്നതേയില്ല.'
(കല്ലിൽ ഒരു കവാടം, മേതിൽ).​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home