ad
Deshabhimani

രാജേഷ് ജീവിക്കും മനുഷ്യസ്നേ​ഹത്തിന്റെ ഉദാത്ത മാതൃകയായ്

Rajesh
വെബ് ഡെസ്ക്

Published on Aug 04, 2026, 02:17 PM | 1 min read

"രാജേഷും കൂട്ടുകാരും വന്നില്ലായിരുന്നെങ്കിൽ ഇന്ന് എനിക്കായി തിരച്ചിൽ നടത്തേണ്ടിവരുമായിരുന്നു. അറുപത്തിയൊന്നുകാരനായ എനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു."


കണ്ണൂർ ചെറുപുഴ മീന്തുള്ളി തുരുത്തിൽ മരണത്തിന്റെ വക്കിൽ നിന്നും രാജേഷ് എന്ന ചെറുപ്പക്കാരൻ കൈപിടിച്ചു കയറ്റിയ ബെന്നിയുടെ വാക്കുകളാണിത്. ബെന്നിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി, സുഹൃത്തുക്കളുടെ കൺമുന്നിൽ വെച്ചാണ് രാജേഷ് കുതിച്ചൊഴുകുന്ന കാര്യങ്കോട് പുഴയുടെ ആഴത്തിലേക്ക് മറഞ്ഞു പോയത്.


ഓ​ഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ള തുരുത്തിൽ ഒറ്റപ്പെട്ട ബെന്നിയെ കുറിച്ചുള്ള വിവരം പുറം ലോകമറിയുന്നത്. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപല്ലിം​ഗ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങി.


ലൈഫ് ജാക്കറ്റും കയറുമടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോടെ ഇവർ കരകവിഞ്ഞൊഴുകുന്ന കാര്യങ്കോട് പുഴ നീന്തിക്കടന്നു. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി നൽകിയാണ് ബെന്നിയെ കരയിലെത്തിച്ചത്. തുടർന്ന് കയറിൽ പിടിച്ച് പുഴ കടക്കുന്നതിനിടെ പെട്ടന്ന് രാജേഷിന്റെ പിടിവിട്ടു. മികച്ച നീന്തൽക്കാരനായിരുന്നിട്ടും ശക്തമായ ഒഴുക്കിൽ നീന്തിക്കയറാൻ രാജേഷിനായില്ല. റോപ്പ് ക്ലൈംബിം​ഗിൽ ഒട്ടേറെ സർട്ടിഫിക്കറ്റുകളും മികച്ച പരിശീലകനുമായിരുന്നു രാജേഷ്.


ഏത് ദുരന്തമായാലും സ്വന്തം ജീവൻ നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന മലയാളികളിലൊരാൾ മാത്രമല്ല രാജേഷ്, ഒരു കൈ നൽകുന്നതിന് പകരം ലൈഫ് ജാക്കറ്റ് തന്നെ ഊരി നൽകിയ മനസിന് ഉടമകൂടിയാണ്. ഒരു ദുരന്തകാലം കൂടി നമ്മൾ അതിജീവിക്കുമ്പോൾ രാജേഷിലൂടെ മനുഷ്യത്വത്തിന്റെ പുതിയൊരു അധ്യായം കൂടെ എഴുതിച്ചേർക്കപ്പെടുകയാണ്. മരണത്തെപ്പോലും തോൽപ്പിച്ച് മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി ഇനി രാജേഷ് ഹൃദയങ്ങളിൽ ജീവിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home