പരീക്ഷാക്രമക്കേട്: ഝാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സൊനാക്ഷി സിൻഹ

റാഞ്ചി: ജെപിഎസ്‌സി, ജെഎസ്എസ്‌സി റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടി സൊനാക്ഷി സിൻഹ. വിദ്യാർഥികളുടെ ദുരിതം കാണുന്നത് ഹൃദയഭേദകമാണെന്നും ഇത് എപ്പോൾ അവസാനിക്കുമെന്നും സൊനാക്ഷി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചോദിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികൾ നടത്തുന്ന സമരത്തെക്കുറിച്ചുള്ള റീൽ പങ്കുവച്ചായിരുന്നു പ്രതികരണം. “നമ്മുടെ രാജ്യത്തെ വിദ്യാർഥികൾ ഇതിലൂടെ കടന്നുപോകുന്നത് കാണുന്നത് ഏറെ വേദനാജനകമാണ്. ഇത് എപ്പോൾ അവസാനിക്കും?” എന്നായിരുന്നു കുറിപ്പ്.
ജൂലൈ 29 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടരുകയാണ്. ജെപിഎസ്‌സിയും ജെഎസ്എസ്‌സിയും നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ സിഐഡി അന്വേഷണത്തിലൂടെ വെള്ളപൂശാനാണ് ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം.
മുമ്പ് ജെഎസ്എസ്‌സി–സിജിഎൽ ചോദ്യപ്പേപ്പർ ചോർച്ച അന്വേഷിച്ച സിഐഡി തന്നെ 150 ചോദ്യങ്ങളിൽ 135 എണ്ണത്തിന്റെ ഉത്തരങ്ങൾ ചോർന്നതായും 120 ചോദ്യങ്ങൾ പരീക്ഷാപേപ്പറുമായി കൃത്യമായി പൊരുത്തപ്പെട്ടതായും കണ്ടെത്തിയിരുന്നുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഏപ്രിൽ 19ന് നടന്ന 14-ാമത് ജെപിഎസ്‌സി സംയുക്ത പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, ജെപിഎസ്‌സി–ജെഎസ്എസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക, ഒഎംആർ ഷീറ്റിൽ ‘ഉത്തരം രേഖപ്പെടുത്തിയിട്ടില്ല’ എന്ന അഞ്ചാമത്തെ ഓപ്ഷൻ ഉൾപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി അഴിമതിമൂലം അപകടത്തിലാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നീതിയുക്തമായ അവസരമാണ് ആവശ്യപ്പെടുന്നതെന്നും സമരക്കാർ പറഞ്ഞു. ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽനിന്ന് ആൽബർട്ട് എക്ക ചൗക്കിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഝാർഖണ്ഡ് നിയമസഭ വളയുമെന്നും മുന്നറിയിപ്പ് നൽകി.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയും ഝാർഖണ്ഡ് വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ജെപിഎസ്‌സി, ജെഎസ്എസ്‌സി ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളുമായി സംസാരിച്ചതായും അവരുടെ ആവശ്യങ്ങൾക്കൊപ്പം സിജെപി നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.










0 comments