ad
Deshabhimani

മഴക്കാല രോ​ഗങ്ങളെ പ്രതിരോധിക്കാം; പ്രളയകാലത്ത് പ്രത്യേക ശ്രദ്ധ വേണം

rain flood kerala
വെബ് ഡെസ്ക്

Published on Aug 04, 2026, 04:42 PM | 2 min read

പ്രളയ ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ഏറെ മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തങ്ങൾക്ക് പ്രിയപ്പെട്ട വീടിനും വസ്തുവകകൾക്കും വളർത്തുമൃഗങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകൾ കനത്ത മാനസിക സംഘർഷത്തിനും ആകുലതകൾക്കും കാരണമാവുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതവും പ്രളയജലം ഇറങ്ങിയതിന് ശേഷം തിരികെ വീട്ടിലേക്ക് കയറി, എല്ലാം പഴയ പടി നേരെയാക്കാനുളള തത്രപ്പാടിലുള്ള ശുചീകരണ പ്രവർത്തനങ്ങളും മറ്റും പ്രളയ ബാധിത പ്രദേശങ്ങളിലെ ആളുകളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തും.


മനുഷ്യരുടേയും മൃഗങ്ങളുടേയും വിസർജ്യവും ഓടകളിലെ മാലിന്യവും നിറഞ്ഞ അഴുക്കു ജലമാണ് പ്രളയത്തോടൊപ്പം കുത്തിയൊലിച്ചു വരുന്നത്. ഗുരുതരമായ നിരവധി രോഗാണുക്കളുമായുള്ള സമ്പർക്കം കൂടെയാണ് പ്രളയത്തോട് എതിരിടുന്ന ഓരോരുത്തരും അഭിമുഖീകരിക്കേണ്ടി വരുന്നത്.


ജലജന്യ രോഗങ്ങൾ


വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് മുതലായവ മലിനമാക്കപ്പെട്ട ജലം വഴി പകരുന്നവയാണ്. സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നത് പ്രളയ ബാധിത പ്രദേശങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്.


എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. വെള്ളം തിളപ്പിക്കുമ്പോൾ ഒരു മിനുട്ട് എങ്കിലും വെള്ളം തിളച്ചുമറിയുന്നു എന്ന് ഉറപ്പാക്കണം. വെള്ളം തിളപ്പിച്ചതിന് ശേഷം ചൂട് ക്രമീകരിക്കാൻ പച്ചവെള്ളം ചേർക്കുന്ന ശീലം ഒഴിവാക്കണം. കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം.


പഴകിയതും വെള്ളത്തിൽ മുങ്ങിയതുമായ ധാന്യങ്ങളും പയറു വർഗങ്ങളും ഉൾപ്പെടെയുള്ള ആഹാര പദാർഥങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.


എലിപ്പനിക്കുള്ള പ്രതിരോധം


മലിനജലവുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി എലിപ്പനിക്കുള്ള സാധ്യതയാണ്. ഇത്തരത്തിൽ മലിന ജലവുമായി സമ്പർക്കം ഉണ്ടാകുന്നവർ ആഴ്ചയിൽ 200mg ഡോക്സിസൈക്ലിൻ ഗുളിക വീതം കഴിക്കേണ്ടതാണ്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും ഏർപ്പെടുന്ന സന്നദ്ധസംഘടനാ പ്രവർത്തകരും സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരുമെല്ലാം എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് കഴിക്കണം. മലിന ജനത്തിൽ നിന്നുകൊണ്ട് വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്.


ഗർഭിണികൾക്കും രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും ഡോക്സിസൈക്ലിൻ നൽകാൻ പാടുള്ളതല്ല. അവർക്ക് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അസിത്രോമൈസിൻ നൽകേണ്ടതാണ്.


വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനപ്പെട്ടതാണ്.


ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പ്രളയജലം കയറിയ വീട് ബ്ലീച്ചിംഗ് പൗഡറോ ലൈസോളോ ഉപയോഗിച്ച് വൃത്തിയാക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ബൂട്ടും ഗ്ലൗസും ധരിക്കുന്നതാണ് നല്ലത്.


കൊതുകുജന്യ രോഗങ്ങൾ


കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനും പ്രത്യേക ശ്രദ്ധ നൽകണം. ഉറവിട നശീകരണം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ എന്നിവ നീക്കം ചെയ്യണം. വ്യക്തിഗത സുരക്ഷക്കായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും കൊതുകു വല, കൊതുകു നിവാരണ ലേപനങ്ങൾ എന്നിവ ഉപയോഗിക്കുകയും വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home