ad
Deshabhimani

ഐഎസ്‌സി ഒമാൻ കേരള വിഭാഗം ബഷീർ അനുസ്‌മരണം

basheer anusmaranam
വെബ് ഡെസ്ക്

Published on Aug 04, 2026, 05:23 PM | 3 min read

മസ്‌കത്ത്‌ : മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ പുതുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സാഹിത്യവേദി "ഇമ്മിണി ബല്യ മനുഷ്യൻ; ഓർമകളിലെ ബഷീർ' എന്ന പേരിൽ ബഷീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട്‌ 7.30 മുതൽ റൂവിയിലെ കേരള വിഭാഗം ഓഫീസിൽ നടന്ന പരിപാടി സാഹിത്യസ്നേഹികളുടെ ശ്രദ്ധേയമായ സംഗമമായി. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

അനുസ്മരണ പ്രഭാഷണം നടത്തിയ ഷാഫി, ബഷീറിന്റെ ജീവിതവും സാഹിത്യവും വേർതിരിക്കാനാവാത്ത ഒന്നാണെന്നും അദ്ദേഹത്തിന്റെ ഓരോ രചനയും മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും സഹജീവി സ്നേഹത്തിന്റെയും മഹത്തായ സന്ദേശങ്ങളാണെന്നും പറഞ്ഞു. ബഷീറിന്റെ പ്രശസ്ത കൃതിയായ “ഒരു മനുഷ്യൻ” എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം കഥാതന്തു വിശദമായി അവതരിപ്പിച്ചു. വിശപ്പും ദാരിദ്ര്യവും ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ പോലും മനുഷ്യനിലുള്ള നന്മയെ ബഷീർ എത്ര ആഴത്തിൽ കാണുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന കാലാതീതമായ സന്ദേശമാണ് “ഒരു മനുഷ്യൻ” നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് “ബാല്യകാലസഖി”, “പാത്തുമ്മായുടെ ആട്”, “മതിലുകൾ”, “പ്രേമലേഖനം”, “ശബ്ദങ്ങൾ” തുടങ്ങിയ ബഷീറിന്റെ അനശ്വര കൃതികളിലെ ജീവിതദർശനവും കഥാപാത്രങ്ങളുടെ സവിശേഷതകളും അദ്ദേഹം വിശകലനം ചെയ്തു. ജീവിതാനുഭവങ്ങളെ സാഹിത്യമായി പരിവർത്തനം ചെയ്ത അപൂർവ പ്രതിഭയായിരുന്നു ബഷീറെന്നും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരായി അനുഭവപ്പെടുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന പുസ്തകപരിചയത്തിൽ ബിനു കേശവൻ ബഷീറിന്റെ “മാന്ത്രികപ്പൂച്ച” എന്ന ലഘുനോവൽ അവതരിപ്പിച്ചു. ബേപ്പൂരിലെ ബഷീറിന്റെ വീട്ടിലെത്തുന്ന ഒരു പൂച്ചയെ ആസ്പദമാക്കി വികസിക്കുന്ന ഈ കൃതിയിൽ, സാധാരണ സംഭവങ്ങളെ അത്ഭുതങ്ങളുമായി കൂട്ടിക്കലർത്തുന്ന മനുഷ്യ മനസ്സിന്റെ പ്രവണതയും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും ബഷീർ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഒരു സാധാരണ പൂച്ചയെ “മാന്ത്രികശക്തിയുള്ളത്” എന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ മനോഭാവത്തിലൂടെ യുക്തിചിന്തയുടെ ആവശ്യകതയും അന്ധവിശ്വാസങ്ങൾക്കെതിരായ ശക്തമായ സാമൂഹിക വിമർശനവും ബഷീർ മുന്നോട്ടുവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.


പ്രസീത ഹരിപ്രസാദ് ബഷീറിന്റെ “ജന്മദിനം” എന്ന കഥ പരിചയപ്പെടുത്തി. ഒരു ജന്മദിനത്തെ പശ്ചാത്തലമാക്കിയെങ്കിലും ആഘോഷങ്ങളുടെ ആർഭാടത്തേക്കാൾ മനുഷ്യബന്ധങ്ങളുടെ ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും പ്രാധാന്യം നൽകുന്ന കൃതിയാണിതെന്ന് പ്രസീത വിശദീകരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായ 'തേന്മാവ്' എന്ന കൃതിയുടെ വായനാനുഭവം ജൂമി സിയാദ് അവതരിപ്പിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തെയും ബഷീറിയൻ ദർശനങ്ങളെയും കോർത്തിണക്കിയായിരുന്നു അവതരണം. ബഷീറിന്റെ കഥകളിലെ ലളിതവും സരസവുമായ ആഖ്യാനശൈലി വായനക്കാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ജൂമി സിയാദ് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായ റഷീദും അസ്മയും ഒരു തേന്മാവിനോട് പുലർത്തുന്ന അഗാധമായ സ്നേഹവും, പരിസ്ഥിതിയോട് മനുഷ്യൻ കാട്ടേണ്ട കരുണയും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് അവർ ഓർമ്മിപ്പിച്ചു. അമിതമായ വൃക്ഷാരാധനയോടുള്ള ബഷീറിന്റെ സൂക്ഷ്മമായ വിമർശനവും കഥാകാരൻ തന്നെ കഥാപാത്രമായി മാറുന്ന സവിശേഷ ശൈലിയും ജൂമി എടുത്തു പറഞ്ഞു.

ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾക്കും പരസ്പര സ്നേഹത്തിനും കുടുംബബന്ധങ്ങൾക്കും സഹജീവികൾക്കും നൽകേണ്ട വിലയെ അതീവ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന ബഷീറിന്റെ രചനാശൈലി കഥയെ ഹൃദയസ്പർശിയാക്കുന്നതായും കൊറോണ കാലത്തെ വ്യക്തിപരമായ ഒരനുഭവം സൂചിപ്പിച്ചു കൊണ്ട് ജൂമി അഭിപ്രായപ്പെട്ടു. പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജൂനിയർ വിഭാഗത്തിൽ ശിവന്യ ശ്രീകുമാർ ഒന്നാം സ്ഥാനവും നിവാൻ ജോബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നവന്യ കൃഷ്ണമൂർത്തി ഒന്നാം സ്ഥാനവും ദിയ സുനിത്ത് രണ്ടാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാറും കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയും ചേർന്ന് വിതരണം ചെയ്തു. കുട്ടികളിൽ വായനാശീലവും സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിന് ഇത്തരം മത്സരങ്ങൾ വലിയ പ്രചോദനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സാഹിത്യ വിഭാഗം ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി. ബഷീറിന്റെ സാഹിത്യലോകത്തെ ആഴത്തിൽ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ മാനവിക ദർശനവും ജീവിതമൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്ത അനുസ്മരണ സമ്മേളനം സാഹിത്യപ്രേമികൾക്ക് ശ്രദ്ധേയമായ അനുഭവമായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home