എഥനോളിന്റെ രാസസൂത്രവാക്യം പങ്കുവച്ചു; പിന്നാലെ നടൻ സണ്ണി വെയ്നെതിരെ സൈബർ ആക്രമണം

തിരുവനന്തപുരം: എഥനോളിന്റെ രാസസൂത്രവാക്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ നടൻ സണ്ണി വെയ്നെതിരെ സൈബർ ആക്രമണം. പെട്രോളിൽ എഥനോൾ കലർത്തി സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രോഷം പുകയുന്ന സാഹചര്യത്തിലായിരുന്നു സണ്ണിയുടെ പ്രതികരണം. 'CH₃–CH₂–OH' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഇതോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. 'വണ്ടിക്ക് പണികിട്ടിയോ', 'പറയേണ്ടത് ചുളുവിൽ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേൾക്കണ്ട... പുത്തിമാനേ...', 'ഗഡ്കരി വെള്ളം അടിച്ചു വണ്ടിക്ക് പണി കിട്ടി അല്ലേ?', 'വിദ്യാഭ്യാസം ഇല്ലാത്തവരെ കളിയാകുന്നോ ?...' 'കെമിക്കൽ ഫോർമുല ആയത് കൊണ്ട് സുമേഷ് കാവിപടകൾ എത്താൻ സമയം എടുക്കും' തുടങ്ങി നിരവധിയാളുകൾ പോസ്റ്റിന് കമന്റുകളിട്ടു.
പിന്നാലെയാണ് സണ്ണി വെയ്ന് നേരെ സൈബർ ആക്രമണം കടുത്തത്. കേന്ദ്ര സർക്കാരിനെ കളിയാക്കാൻ ശ്രമിച്ചെന്നും ഇന്ധന നയത്തെ അവഹേളിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്. നടന്റെ ചിത്രങ്ങൾ ഇനി കാണില്ലെന്നാണ് ചിലരുടെ കമന്റുകൾ. മറ്റ് ചിലർ രാജ്യദ്രോഹി എന്നാണ് കമന്റിട്ടിരിക്കുന്നത്.
എഥനോൾ കലര്‍ത്തിയ ഇന്ധനം വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മിതിച്ചിട്ടുണ്ട്. ഇ20 ഇന്ധനത്തെ ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടിയിൽ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് കുറ്റസമ്മതം. ഇതു പ്രകാരം കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച് E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരും.
മൈലേജ് നഷ്ടവും എൻജിൻ തകരാറും നിരവധിപ്പേർ ചൂണ്ടിക്കാണിച്ചിട്ടും ഇ20 നയവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. വരുംവർഷങ്ങളിൽ 20 ശതമാനം പെട്രോൾ എന്നത് വർധിപ്പിക്കാനും നീക്കമുണ്ട്. 2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.










0 comments