Deshabhimani

ചേറിൽ നിന്നുയർന്ന ചെന്താമര

punnapra vayalar perumalayan

എഐ നിർമിത ചിത്രം

avatar
സി കെ സദാശിവൻ

Published on Oct 18, 2026, 09:38 AM | 3 min read

കടലിറങ്ങി ചതുപ്പ് തെളിഞ്ഞ ചേറിൽ ജന്മിത്വത്തിന്റെ ചവിട്ടേറ്റ് ജീവനോടെ പൂണ്ടുപോയ നൂറു കണക്കിന്‌ പേരുടെ ചോരയിലാണ്‌ കുട്ടനാടൻ വയലേലകകളിലെ നൂറുമേനി വിളയുടെ തുടിപ്പ് . പെരുംപറയന്റെ കഥ അതിലൊന്നാണ്‌. അതിന്‌ മൂന്ന് നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ചിറക്കരയിൽ കുടിൽ കെട്ടിക്കഴിഞ്ഞിരുന്ന പുലയനും പറയനുമെല്ലാമായിരുന്നു പണിക്കാർ. എത്ര ശ്രമിച്ചാലും ഉറപ്പിക്കാൻ കഴിയാത്ത ഒരു ചിറ അയ്യനാടിലെ കൃഷി എക്കാലവും തകർത്തെറിഞ്ഞിരുന്നു. മനുഷ്യക്കുരുതി നടത്തിയാലല്ലാതെ ചിറയുറക്കില്ലെന്ന്‌ പ്രശ്‌നവിധിയിൽ പറഞ്ഞത്രെ. പറ്റിയ ആളെ കണ്ടെത്താനായി ജന്മിയുടെ ശ്രമം. അന്നൊരിക്കൽ അടിയാന്മാരുടെ മൂപ്പനായ തോപ്പിൽച്ചിറ കൊച്ചിട്ട്യാതിയുടെ വീട്ടിൽ ഒരിക്കൽ പുതുപ്പള്ളി സ്വദേശിയായ പെരുംപറയൻ വിരുന്നെത്തി. അന്നുരാത്രി ചിറ മുറിഞ്ഞു. പണിക്കാരെല്ലാം ഇതറിഞ്ഞ്‌ അങ്ങോട്ടോടി. ഒപ്പം കൊച്ചിട്ട്യാതിയും പെരുംപറയനും. കട്ടയിട്ട്‌ മട ഉറപ്പിക്കാൻ വെള്ളത്തിലിറങ്ങിനിന്നായിരുന്നു പെരുംപറയൻ പണിയെടുത്തത്‌. മട പൊങ്ങി ശിരസിനൊപ്പമെത്തിയപ്പോൾ പെരുമ്പറയനെ കട്ടക്കുള്ളിലേക്ക്‌ ചവട്ടിത്താഴ്‌ത്തി.


തിരിച്ചുവീട്ടിലെത്തിയ ജന്മിക്ക് പുരപ്പുറത്തിരുന്ന പെരുമ്പറയൻ ‘ഏനിവിടെയുണ്ട്‌ തമ്പ്രാ’ എന്ന്‌ വിളച്ചു പറയുന്നപോലെ തോന്നിയത്രേ. വീണ്ടും പ്രശ്നം വച്ചു. അങ്ങനെയാണ്‌ പെരുംപറയനായി കൽപ്രതിമ ഉയർന്നതെന്നാണ്‌ ഐതീഹ്യം. കുട്ടനാട് വാമൊഴിയായി കൈമാറുന്ന ഇ‍ൗകഥയ്‌ക്ക്‌ അഞ്ചു തലമുറയുടെ പഴക്കമുണ്ട്‌. ആ മണ്ണിൽനിന്നുതന്നെയാണ്‌ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ അവകാശബോധവും സംഘടനയും സമരചരിത്രവും വളർന്നുവന്നത്‌.


പുലയ, പറയ എന്നീ ദളിത് ജാതിയിൽപ്പെട്ടവരായിരുന്നു കുട്ടനാട്ടിലെ അടിമ തൊഴിലാളികൾ. 1855-ൽ തിരുവിതാംകൂറിൽ നിയമപരമായി അടിമത്തം നിർത്തലാക്കിയെങ്കിലും പാടശേഖരങ്ങളിൽ അതായിരുന്നില്ല സ്ഥിതി. അവരുടെ ജീവന്റെയും ജീവിതത്തിന്റെയും ഉടമകളായി ജന്മിമാരും അവരുടെ ഗുണ്ടകളും പിന്നെയും ഒരു നൂറ്റാണ്ടുകാലത്തോളം തുടർന്നു. ‘പകലന്തിയോളം വേല’ എന്ന ശൈലി ആലങ്കാരിക പ്രയോഗമായിരുന്നില്ല. ‘പതിപ്പണം' അല്ലെങ്കിൽ ‘തീറ്റിക്കൂലി' യുടെ പേരിൽ ജീവൻ നിലനിർത്താൻ മാത്രമുള്ള തുച്ഛമായ നെല്ല്‌ മാത്രമാണ്‌ ഇവർക്ക് ലഭിച്ചിരുന്നത്. ഇതിന്‌ പുറമേ കൊടിയ പീഡനവും തൊഴിലാളി സ്‌ത്രീകൾ അനുഭവിച്ചുപോന്നു. ഇങ്ങനെ ജീവനോടെയും അല്ലാതെയും കുട്ടനാട്ടിലെ ചേറിലാഴ്‌ന്ന ജീവിതങ്ങൾക്ക്‌ കണക്കില്ല. ഭൂപ്രഭുക്കന്മാർ അനുവദിച്ച വീടുകളിലാണ്‌ തൊഴിലാളികൾ താമസിച്ചിരുന്നതെങ്കിലും അവയുടെമേൽ അവകാശങ്ങളൊന്നുമുണ്ടായില്ല. നിസാര കാരണങ്ങളാൽ കുടിയിറക്കുമായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിന്റെ കൊടിയരൂപമായിരുന്നു.


പാരമ്യത്തിൽ നിലനിന്ന ചൂഷണം 1930കളുടെ അവസാനം മുതൽ നാൽപ്പതിന്റെ ആദ്യപകുതിവരെ തുടർന്നു. കുട്ടനാടൻ ചിറ വരമ്പുകളിൽ സംഘബോധത്തിന്റെ ചോരപ്പൊടിപ്പുകൾ പൂത്തുതുടങ്ങുന്നതുവരെ. കലുഷിതമായ കർഷകതൊഴിലാളി ജീവിതങ്ങളിലേക്ക്‌ ആലപ്പുഴ പട്ടണത്തിലെ കയർ ഫാക്‌ടറിയിൽനിന്ന്‌ കലങ്ങിമറിഞ്ഞ കണ്ണും മനസ്സുമായി അന്നാദ്യമായി ഒരു വെളുത്തുകുറുകിയ ഒരാലപ്പുഴക്കാരൻ വന്നു– വി എസ്‌ അച്യുതാനന്ദൻ. പിന്നാലെ എസ് കെ ദാസ്, എം ടി ചന്ദ്രസേനൻ, എൻ എസ് പി പണിക്കർ, ആർ തങ്കപ്പൻ എന്നിവരും. പി കൃഷ്ണപിള്ളയുടെ നിർദേശം അനുസരിച്ചായിരുന്നു അത്. കൈനകരിയിൽ പുത്തൻപുരയ്‌ക്കൽ വീടിന്റെ തിണ്ണയിൽ തയ്യൽ തൊഴിലാളിയായി വേഷം മാറിയാണ് വി എസെത്തിയത്. ആദ്യം കൈനകരിയിലും പിന്നീട് കാവാലത്തും. പിന്നെ വിത്ത് വീണ കായൽനിലങ്ങളിലാകെയും ​അവര്‍ സഞ്ചരിച്ചു. കര്‍ഷകത്തൊഴിലാളികളെ കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.‘ഏങ്ങടെ തമ്പ്രാൻ ഏങ്ങക്ക് ദൈവം' എന്നതായിരുന്നു എട്ടുംപൊട്ടും തിരിയാത്ത പാവങ്ങളുടെ ആദ്യ പ്രതികരണം. അവര്‍ക്കുള്ളിൽ നീതി ബോധത്തിന്റെ ചുവന്ന ജ്വാല തെളിയിക്കാൻ വി എസും കൂട്ടരും നന്നേ പണിപ്പെട്ടു. മാനത്ത് കാർമേഘങ്ങളുരുണ്ട് കൂടുന്നത് കണക്കെ ‘കള്ള അളവ് രീതി’ക്കെതിരെ പ്രതിഷേധം ഉയർന്നു. അതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവ വികാസങ്ങളിൽ കുട്ടനാട് ഒന്നുകുലുങ്ങി. ആവശ്യമുന്നയിച്ച ഇടങ്ങളിലൊക്കെ കര്‍ഷക ജന്മികള്‍ കള്ള അളവ്‌ നിർത്തി.


അതുവരെ പുല്ലിന്റെ വിലപോലുമില്ലാതിരുന്ന കുട്ടനാട്ടിലെ അടിയാന്മാർ പതിയെ തൊഴിലാളികളെന്ന പേരിലേക്ക് പരിണമിച്ചു. നിരവധി സ്ത്രീ പോരാളികളും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളും മാര്‍ഗം കൂടിയ ക്രിസ്‍ത്യാനികളും കർഷകത്തൊഴിലാളിയായി അണിനിരന്നു. ഇവരെ കമ്യൂണിസം പഠിപ്പിക്കുന്നവനെ അടിച്ചൊതുക്കാൻ തമ്പുരാക്കന്മാര്‍ നിശ്‍ചയിച്ചു. ജന്മിയുടെ ഗുണ്ടകള്‍ എസ് കെ ദാസിനെ തല്ലി. ഈ വിവരം അറിഞ്ഞ വി എസ് തൊഴിലാളികളെ സംഘടിപ്പിച്ച് ചുങ്കത്തുപോയി തല്ലിയവനെ നേരിട്ടു.


​കര്‍ഷകത്തൊഴിലാളികള്‍ക്ക് എവിടെനിന്നോ ഒരൽപ്പം ഉശിരും ഉണർവും ഉണ്ടായി. കുട്ടനാട്ടിലെ ചെറുകാലികായലിന്റെ ചിറവരമ്പിൽ വി എസ് അവരെ വിളിച്ചുകൂട്ടി. ചെറുകാലികായലിലെ ഈ ആദ്യയോഗമാണ് ഇന്ത്യയിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് ഒന്നാം വിത്തിട്ടത്. പിന്നീട് കുപ്പപ്പുറത്തുയോഗം ചേർന്ന് സംഘടനയ്ക്ക് ഒരു ബൈലാ അംഗീകരിച്ചു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ എന്ന് പേരിട്ടു. വർഗീസ് വൈദ്യനെ പ്രസിഡന്റായും എസ് കെ ദാസിനെ സെക്രട്ടറിയായും നിശ്ചയിച്ചു.


കുട്ടനാട്ടിലെ ശ്രീമൂലമംഗലം കായലിൽ ആയിടെ തൊഴിലാളികൾ സമരം കുറിച്ചു. ക്രൂരമായ മർദനവും അറസ്റ്റും ഒക്കെ ഉണ്ടായി. ചെറുകരയിൽ ക്യാമ്പുചെയ്‌ത് വി എസ് സമരം നയിച്ചു. സമരം ഒമ്പതാം ദിവസം ഒത്തുതീർപ്പായി. ‘കളത്തിലാദായം’ ആണ്ടു പ്രതിഫലമായി. ഓരോ പണിയാൾ തൊഴിലാളിക്കും നൂറുപറ നെല്ലുവീതം പൂർവകാല പ്രാബല്യത്തോടെ നൽകാൻ നിശ്ചയമായി. തൊഴിലാളികൾക്കിടയിൽ ഇത് പുതിയ ഒരു ഉണർവും ഉന്മേഷവും വിതച്ചു. ഗുണ്ടാപ്പണിയ്ക്ക് നിയുക്‌തരായിരുന്നവരും മാറിചിന്തിച്ചു. അങ്ങനെ മനസുമാറി എത്തിയവരുടെ തലമുറ ഇന്നും കുട്ടനാട്ടിലുണ്ട്.


തുടർന്ന് 1945ൽ കർഷകത്തൊഴിലാളികളുടെ വാർഷിക സമ്മേളനം കുട്ടനാട്ടിലെ കണ്ടങ്കരിയിൽ നടത്താൻ നിശ്ചയിച്ചു. ഭൂസ്വാമിയായ മങ്കൊമ്പിൽ സ്വാമി ഉൾപ്പെടെയുള്ളവർ ദിവാൻ പേഷ്‌കാരെക്കണ്ട് സമ്മേളനം നടത്തിക്കരുതെന്ന് അഭ്യർഥിച്ചു. സമ്മേളനം നിരോധിക്കപ്പെട്ടു. പി ടി പുന്നൂസും, വി എസും, കെ സി ജോർജും ഒക്കെ യോഗത്തിനെത്തി. എടത്വായ്ക്ക് സമീപം നിരോധനമില്ലാത്ത വേറൊരു സ്ഥലത്ത് യോഗം ചേർന്നു. അങ്ങനെ ആദ്യമായി തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമായി. പിന്നീട് ആലപ്പുഴ ജില്ലാ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു. വി എസ് ആയിരുന്നു പ്രസിഡന്റ്. ​പിന്നീട്‌ 1968ൽ കേരളാ സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമായപ്പോൾ വി എസ് ആദ്യപ്രസിഡന്റായി. സി ജി സദാശിവൻ, ഗൗരിയമ്മ, ടി വി തോമസ് എന്നിവരെ 1952-ലെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് കമ്യൂണിസ്റ്റുപാർടിയെ മുഖ്യ പ്രതിപക്ഷമാക്കുന്നതിലും 1957-ൽ ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിക്കുന്നതിലും നിർണായകപങ്ക് കർഷകത്തൊഴിലാളി പ്രസ്ഥാനത്തിനുമുണ്ട്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home