ട്രെയിനുകളിൽ എലിശല്യം രൂക്ഷം; വഞ്ചിനാട് എക്സ്പ്രസിൽ യാത്രക്കാരനെ എലി കടിച്ചു

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ശുചീകരണത്തിലെ പാളിച്ചകൾ മൂലം ട്രെയിനുകളിൽ എലിശല്യം രൂക്ഷമാകുന്നതായി പരാതി ഉയരുന്നു. ചൊവ്വ രാവിലെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരനെ എലി കടിച്ചു. യാത്രക്കാരനെ കൊല്ലത്ത് ഇറക്കി റെയിൽവേ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഭക്ഷണാവശിഷ്ടങ്ങൾ വേണ്ടവിധത്തിൽ നിർമാർജ്ജനം ചെയ്യാത്തതാണ് എലികൾ കോച്ചുകൾ കീഴടക്കാൻ കാരണമാകുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിനിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പ്ലാസ്റ്റിക് കവറിൽ ശേഖരിക്കുന്ന വേസ്റ്റുകൾ മാറ്റുന്നില്ലെന്നത് ദീർഘദൂരയാത്രകളിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
റെയിൽവേ മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുമ്പോഴും ശുചീകരണ പ്രവർത്തികളിൽ വീഴ്ച വരുത്തുന്നതാണ് പാറ്റയും എലിയും കോച്ചുകളിൽ പെരുകാൻ കാരണമാകുന്നതെന്നും പരാതി ഉയരുന്നു. സീറ്റുകളും യാത്രക്കാരുടെ ബാഗുകളും കരണ്ട് നശിപ്പിക്കുന്നതും സ്ഥിരം സംഭവമാണ്. യാഡുകളിൽ ദീർഘനേരം കിടക്കുമ്പോൾ എലികളും മറ്റും കയറാൻ സാധ്യത കൂടുതലാണ്. എലികളെ പിന്തുടർന്ന് പാമ്പുകളും കോച്ചുകളിൽ കയറുന്നു. പെസ്റ്റ് കൺട്രോൾ ചുമതല നൽകിയിരിക്കുന്ന സ്വകാര്യ എജൻസികൾ ജോലി കൃത്യമായി നിർവഹിക്കുന്നില്ലെന്നും പരാതി ഉയരുന്നു. കഴിഞ്ഞ ആഴ്ച ഹിമസാഗർ എക്സ്പ്രസിലും യാത്രക്കാരന് എലിയുടെ കടിയേറ്റതായി പരാതി വന്നിരുന്നു.
' ഇതുപോലുള്ള അനിഷ്ട സംഭവങ്ങളുടെ പേരിൽ യാത്ര മുടങ്ങാറുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും സ്വകാര്യ എജൻസികളെ പഴി പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ റെയിൽവേയ്ക്ക് കഴിയില്ലെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് പറഞ്ഞു'.










0 comments