ad
Deshabhimani

അഭിമന്യു വധക്കേസ്: വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

abhimanyu
വെബ് ഡെസ്ക്

Published on Aug 04, 2026, 06:46 PM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ ആറ് വർഷമായിട്ടും പുരോഗതി ഉണ്ടായിട്ടില്ലെന്ന് കാണിച്ച് അഭിമന്യുവിന്റെ അമ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.


9 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതിയോട് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. തുടർന്ന് 2025 ഒക്ടോബറിൽ മൂന്ന് മാസം കൂടി നീട്ടി നൽകിയിരുന്നു. 2026 ജനുവരിയിൽ ഈ സമയവും അവസാനിച്ചു. ഹൈക്കോടതി ഉത്തരവിട്ട് 18 മാസം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായില്ല.


തുടർന്ന് വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഹർജി നൽകുകയായിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ ​2018 ജൂലൈ രണ്ടിനാണ്‌ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയത്‌.


കേസിൽ 16 പ്രതികളും അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ 2018 സെപ്തംബർ 26-നാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. എറണാകുളം സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 5 പ്രതികൾ സമർപ്പിച്ച ഹർജി കോടതി അടുത്തിടെ തള്ളിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home