Deshabhimani

ആർഎസ്‌എസ്‌ സെമിനാറിൽ പ്രതിഷേധം

വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാൻ നീക്കം; ഭീഷണിപ്പെടുത്തി ഗവർണർ

GOVERNER STUDENTS
വെബ് ഡെസ്ക്

Published on Oct 07, 2026, 06:46 PM | 1 min read

കാസർകോട്‌: കേരള കേന്ദ്ര സർവകലാശാലയിലെ ആർഎസ്‌എസ്‌ സെമിനാറിൽ, പ്രതിഷേധിച്ച വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നീക്കം.


സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിനിടെ നടന്ന പ്രതിഷേധത്തിനു പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്ന് സമർഥിക്കാനാണ്‌ ഗവര്‍ണര്‍ ശ്രമിച്ചത്‌. ബുധനാഴ്‌ച നടന്ന ആദ്യ സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്താണ്‌ ഗവർണർ വിദ്യാർഥികൾക്കെതിരെ തിരിഞ്ഞത്‌.


പ്രതിഷേധിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന്‌ ഗവർണർ ഭീഷണിമുഴക്കി. പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ ചില അജണ്ടകളുണ്ട്‌. ഇത്‌ സ്വാഭാവികമായി ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധമല്ല. മറ്റു പല സംവിധാനങ്ങളുമായും പരിപാടികളുമായും ബന്ധമുണ്ട്. വന്ദേമാതരത്തിനെതിരായ നീക്കമാണിത്‌. ഇതിനെ അത്രമാത്രമായി കരുതാന്‍ കഴിയില്ല. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തും. ഇവിടെയുണ്ടായ പ്രതിഷേധം രാജ്യത്താകെ ചര്‍ച്ചയായി എന്നും ഗവർണർ പറഞ്ഞു. സെമിനാറിന്റെ ആദ്യദിവസം വിദ്യാർഥികൾ കടുത്ത പ്രതിഷേധമുയർത്തുകയും ആർഎസ്‌എസ്‌ നേതാവ്‌ ജെ നന്ദകുമാറിനെ തടയുകയുംചെയ്‌ത പശ്ചാത്തലത്തിലായിരുന്നു ഭീഷണി.


ആർഎസ്‌എസ്‌ അനുകൂല സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദലായിരുന്നു ഗവർണർ മുഖ്യാതിഥിയായ പരിപാടിയുടെ അധ്യക്ഷൻ.


കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി കണ്‍വീനര്‍ കെ പി രാമനുണ്ണി, ജനറല്‍ കൗണ്‍സില്‍ അംഗം പ്രഫ സുനൈന സിങ്, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ സിദ്ദു പി അല്‍ഗുര്‍, സ്‌നേഹ ചൗധരി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.


വിദ്യാർഥിവിരുദ്ധമായ ഗവർണറുടെ പ്രസംഗം അംഗീകരിക്കാൻ കഴിയില്ലെന്നും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള നീക്കവും ഭീഷണികളും വിലപ്പോവില്ലെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. ഗവർണർക്കെതിരെ എബിവിപി ഒഴിയെയുള്ള സംഘടനകളും രംഗത്തെത്തി. പകൽ 12.15 മുതൽ 1.30 വരെയുള്ള സെഷനിൽ വിദ്യാർഥികൾ ശക്തമായി പ്രതിഷേധം അറിയിച്ചു.


സർവകലാശാല പ്രോക്ടറും കടുത്ത സംഘപരിവാർ അനുകൂലിയുമായ പി ശ്രീകുമാർ പ്രബന്ധമവതരിപ്പിക്കുമ്പോഴായിരുന്നു പ്രതിഷേധം. ‘ആർഎസ്‌എസ്‌ ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തി ഷൂ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. തുടർന്ന്‌ സെമിനാർ നിർത്തിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home