സമരമുഖത്തുനിന്നും സ്നേഹത്തിന്റെ കൈത്താങ്ങ്; കുരുന്നുകൾക്ക് സഹായവുമായി പ്രവാസികൾ

കേരള പ്രവാസി സംഘത്തിന്റെ ദ്വിദിന സത്യാഗ്രഹത്തിനിടയിൽ എസ്എംഎ ബാധിതരായ കുട്ടികൾക്കായി പണം സമാഹരിക്കുന്ന പ്രവർത്തകർ
തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) എന്ന ജനിതക രോഗം ബാധിച്ച കുട്ടികൾക്കായുള്ള ധനസമാഹരണത്തിൽ പങ്കാളികളായി പ്രവാസികളും. കേരള പ്രവാസി സംഘത്തിന്റെ ദ്വിദിന സത്യാഗ്രഹത്തിലെ സമരവളന്റിയർമാരാണ് കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായത്.
കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാല്‍ അരുണ്‍-ഷാല്‍മി ദമ്പതിമാരുടെ മക്കളായ ഏഥൻ, ഒലിവർ ഡേവിഡ് എന്നിവർക്കായാണ് ധനസമാഹരണം നടക്കുന്നത്. രണ്ട് വയസ്സിനുള്ളില്‍ ജീന്‍ തെറാപ്പി തുടങ്ങിയാല്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 50 കോടി രൂപയാണ് ചികിത്സാച്ചിലവ്. കുഞ്ഞുങ്ങളുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് 15000രൂപ പ്രവാസി സംഘം നേതാക്കൾ കൈമാറി.
പ്രവാസിസമൂഹത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെയാണ് കേരള പ്രവാസി സംഘം സെക്രട്ടറിയറ്റിനുമുന്നിൽ 48 മണിക്കൂർ സത്യഗ്രഹം സംഘടിപ്പിച്ചത്. പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ലോക കേരള സഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഇൻഷുറൻസ് പദ്ധതിയിലെയും നോർക്ക കെയർ പദ്ധതിയിലെയും പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം.








0 comments