ആരാണ് മുഖ്യമന്ത്രിയുടെ ഫോൺ ചോർത്തുന്നത്? പൊലീസാണോ? വ്യക്തത വേണമെന്ന് പ്രതിപക്ഷനേതാവ്

പിണറായി വിജയൻ, വി ഡി സതീശൻ
തിരുവനന്തപുരം: തന്റെ ഫോണും ചോർത്തുന്നുണ്ടെന്നും നിരന്തരം നിരീക്ഷണത്തിലാണെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വളരെ വിചിത്രമായ കാര്യമാണിത്. മുഖ്യമന്ത്രിയുടെ ഫോൺ ചോർത്തുന്നു എന്ന് പറയുമ്പോൾ നാട്ടിലാർക്കുംതന്നെ രക്ഷയില്ലാത്ത അവസ്ഥയാണ്. ആരാണ് ഫോൺ ചോർത്തുന്നത് എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. സംസ്ഥാന പൊലീസാണോ? അതോ കേന്ദ്രസർക്കാരാണെങ്കിൽ അങ്ങനെ പറയണം. ഇതിൽ മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഫോൺ ചോർത്താൻ അധികാരം ചില കാര്യങ്ങളിൽ പൊലീസിനുണ്ട്. തന്റെ ഫോൺ ചോർത്തുന്നത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിവുണ്ടാകും. അത് അദ്ദേഹം വ്യക്തമാക്കണം. ആരുടെയും ഫോൺ ആ രീതിയിൽ ചോർത്തുന്നത് ഭൂഷണമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് പൊലീസ് ഉന്നതസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫോൺചോർത്തൽ മുഖ്യമന്ത്രി ശരിവച്ച് സംസാരിച്ചത്. തന്റെ ഫോണും ചോർത്തുന്നുണ്ടെന്നും നിരന്തരം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായി.
ഇന്റലിജൻസ് ആസ്ഥാനത്തെ എസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് മന്ത്രിമാരുടെയും സിപിഐ എം നേതാക്കളുടെയും കോള്‍ റെക്കോഡ് ചെയ്യുന്നത് ദേശാഭിമാനി പുറത്തുകൊണ്ടുവന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചില മാധ്യമപ്രവർത്തകരും പട്ടികയിലുണ്ടെന്നാണ് സൂചന. രണ്ട് കോൺഗ്രസ് മന്ത്രിമാരുടെയും ഘടകകക്ഷി മന്ത്രിയുടെയും കോൾ പരിശോധിക്കാൻ ‘രഹസ്യമുറി’യുമുണ്ട്. കോളുകൾ വോയ്‌സായും ടെക്‌സ്റ്റായും ദിവസവും റിപ്പോർട്ടാക്കി ഒരു കേന്ദ്രത്തിലേക്കാണ് കൈമാറുന്നത്. തിരുവനന്തപുത്തെ ചടങ്ങിൽ ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തുവെന്ന് പറഞ്ഞില്ല. എന്തുകൊണ്ട് ആഭ്യന്തരമന്ത്രിയെും സംസ്ഥാന പൊലീസ് മേധാവിയെയും ഇന്റലിജൻസ് മേധാവിയെയും ഇക്കാര്യം അറിയിച്ചില്ലെന്ന ചോദ്യവുമുയരുകയാണ്.








0 comments