വെള്ളക്കെട്ട് മഴകൂടുതലായതിനാൽ; വീഴ്‌ച മറയ്‌ക്കാൻ പച്ചക്കള്ളവുമായി മേയർ

തിരുവനന്തപുരം: പതിവുപോലെ മുൻഭരണസമിതിയെ പഴിചാരിയും ശുചീകരണത്തൊഴിലാളികളെ കുറ്റപ്പെടുത്തിയും നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽനിന്ന് തലയൂരാൻ പച്ചക്കള്ളം വിളമ്പി മേയർ. ഒരുദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറിൽ പെയ്‌തതിനാലാണ് വെള്ളക്കെട്ടുണ്ടായതെന്നാണ് മേയറുടെ ന്യായം.
ഭരണസമിതി അംഗങ്ങളാരും തിരിഞ്ഞുനോക്കാതിരുന്നിട്ടും കുറ്റം ശുചീകരണത്തൊഴിലാളികളുടെ മുകളിൽകെട്ടാൻ ശ്രമിച്ചത് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനനാളിൽ ഒരുമണിക്കൂറോളം കനത്തമഴ പെയ്‌തിട്ടും നഗരം വെള്ളത്തിൽ മുങ്ങിയിരുന്നില്ല.
അരമണിക്കൂറിനുള്ളിൽ വെള്ളം വലിഞ്ഞുപോയി. അന്ന് 141 മി.മീറ്റർ മഴയാണ് പെയ്‌തത്. അതേസമയം വ്യാഴാഴ്‌ച പെയ്‌തതാകട്ടെ 91 മി.മീറ്റർ മഴയും. ഇൗ കണക്ക് സൂചിപ്പിക്കുന്നതുതന്നെ ഭരണസമിതിയുടെ വീഴ്‌ചയാണ്. മഴക്കാലപൂർവശുചീകരണപ്രവർത്തനം നടക്കുന്നില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ കൗൺസിൽ യോഗത്തിലെ പരാതിയെപ്പോലും ഗൗരവത്തിലെടുത്തില്ല.
നഗരത്തിന്റെ പൊതുവായ വിഷയം അവതരിപ്പിക്കുന്പോൾ മേയർ രാഷ്‌ട്രീയമായി സമീപിച്ചതാണ് വെള്ളക്കെട്ടിന് കാരണം. ജനങ്ങളുടെ ജീവൽപ്രശ്‌ന വിഷയങ്ങളെ ഉദാസീനമായി സമീപിക്കുന്ന നിലപാടിൽനിന്ന് പിന്തിരിയണമെന്നാണ് നഗരവാസികളും ആവശ്യപ്പെടുന്നത്.








0 comments