ലൈബ്രറിയിൽ കയറാൻ മാപ്പെഴുതി നൽകണമെന്ന് കേന്ദ്ര സർവകലാശാല; എഴുതി നൽകില്ലെന്ന് എസ്എഫ്ഐ

കേരള കേന്ദ്ര സർവകലാശാല (ഇടത്) മാപ്പെഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ലൈബ്രേറിയൻ അയച്ച ഇ-മെയിൽ സന്ദേശം (വലത്)
കാസർകോട് : അന്യായമായി ഏർപ്പെടുത്തിയ ലൈബ്രറി വിലക്ക് പിൻവലിക്കണമെങ്കിൽ വിദ്യാർഥികൾ മാപ്പെഴുതിനൽകണമെന്ന് കേരളം കേന്ദ്ര സർവകലാശാല. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമില്‍ കയറി എന്നാരോപിച്ച് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ ആറ് വിദ്യാര്‍ഥികളെ സർവകലാശാല അധികൃതർ ലൈബ്രറിയില്‍നിന്ന് വിലക്കിയിരുന്നു. ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ച് സർവകലാശാലയിൽ സെമിനാർ നടത്തിയതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചതായിരുന്നു പ്രതികാര നടപടികളുടെ തുടക്കം.
പ്രതിഷേധത്തിന് നേതൃത്വംനൽകിയ സെയിദ് അലിയെ നേരത്തെ ഹോസ്റ്റലില്‍നിന്നും പുറത്താക്കിയിരുന്നു. ഓരോ വിദ്യാർഥിയും രേഖാമൂലം മാപ്പ് അപേക്ഷിക്കുകയും, ഭാവിയിൽ ഇത്തരം ലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി നൽകുകയും ചെയ്യുന്നപക്ഷം, അവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തിഗതമായി പിൻവലിക്കുമെന്നാണ് നിലവിൽ ഡെപ്യൂട്ടി ലൈബ്രേറിയന്റെ കത്ത്. മാപ്പപേക്ഷ നൽകാത്തവരുടെ ലൈബ്രറി നിയന്ത്രണങ്ങൾ തുടരുമെന്നും പറയുന്നു.
അതേസമയം, സർവകലാശാലാ ഭരണകൂടത്തിനുമുന്നിൽ യാതൊരുവിധ മാപ്പപേക്ഷയും നൽകില്ലെന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എസ് സെയ്‌ദ് അലി മറുപടി നൽകി. പരീക്ഷാ സമയത്ത് അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും, ലൈബ്രറി പ്രവേശനം നിയമവിരുദ്ധമായി നിഷേധിക്കുകയുംചെയ്തതിന് സർവകലാശാലയാണ് വിദ്യാർഥികളോട് മാപ്പ് പറയേണ്ടതെന്നും വ്യക്തമാക്കി.
ലൈബ്രറിയിൽ യാതൊരുവിധ അച്ചടക്കലംഘനവും നടത്തിയിട്ടില്ലെന്നും ഒന്നാം നിലയിലെ റീഡിങ് റൂം ഉപയോഗത്തിന് വിദ്യാർഥി വിലക്കുണ്ടായിരുന്നില്ലെന്നും പറഞ്ഞു. കാരണംകാണിക്കൽ നോട്ടീസ്‌പോലും നൽകാതെ സെമസ്റ്റർ പരീക്ഷകൾ നടക്കുന്ന സമയത്താണ് സർവകലാശാല വിലക്ക് ഏർപ്പെടുത്തിയത്. വിദ്യാർഥികളുടെ ഭാഗം കേൾക്കാനോ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ തയ്യാറായതുമില്ല. പരീക്ഷാ സമയത്തുപോലും വിദ്യാർഥികൾക്കുനേരെ പ്രതികാര നടപടി തുടരുന്നതിനെതിരെ അധ്യാപകരും രംഗത്തെത്തിയിരുന്നു.








0 comments