കോംഗോയിൽ പടർന്ന് എബോള; 1700 മരണം

photo credit: AFP
ബുനിയ : കിഴക്കൻ കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 1,700 പേർ മരിച്ചതായി അധികൃതർ. രോഗം അതിവേഗം വ്യാപിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ആഗസ്ത് 4 വരെ 3,802 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,707 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധിയുടെ വ്യാപനം ഉച്ചസ്ഥായിയിലാണെന്നും സിഡിസി വ്യക്തമാക്കി. പുതിയ കേസുകളിൽ ഏകദേശം 80 ശതമാനവും സമ്പർക്കപ്പട്ടികയിലൂടെ കണ്ടെത്തുന്നതല്ലെന്നും സമൂഹവ്യാപനം ശക്തമാണെന്നും ആഫ്രിക്ക സിഡിസി ഡയറക്ടർ ജനറൽ ഡോ. ജീൻ കസേയ അറിയിച്ചു.
മെയ് 15നാണ് കോംഗോയിൽ എബോള പൊട്ടിപ്പുറപ്പെട്ടത്. അംഗീകൃത വാക്സിനുകളോ ചികിത്സയോ ഇല്ലാത്ത ബുണ്ടിബുഗ്യോ വൈറസാണ് നിലവിലെ രോഗബാധയ്ക്ക് കാരണം. സമ്പർക്കം കണ്ടെത്തുന്നതിലെ കാലതാമസം, രോഗം വ്യാപിച്ച സംഘർഷബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ജനങ്ങളുടെ അവിശ്വാസം, സായുധ സംഘങ്ങളുടെ ആക്രമണം, സുരക്ഷ ബുദ്ധിമുട്ടുകൾ എന്നിവ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആഫ്രിക്കൻ സിഡിസി പറഞ്ഞു. സംഘർഷത്തെത്തുടർന്നും അനധികൃത ഖനനം മൂലവും നിരവധി പേർ പലായനം ചെയ്തത് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിന് തടസമായി.
കിഴക്കൻ കോംഗോയിലെ വിദൂര പ്രവിശ്യയായ ഇറ്റൂരിയിലാണ് 90 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കിസംഗാനി ഉൾപ്പെടെ മറ്റ് അഞ്ച് പ്രവിശ്യകളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും രോഗബാധയുണ്ടായെങ്കിലും ജൂൺ മധ്യത്തിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടതിനെത്തുടർന്ന് രാജ്യം എബോള മുക്തമായതായി അധികൃതർ പ്രഖ്യാപിച്ചു.
ശമ്പളം നൽകാത്തതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ സമരം ആരംഭിച്ചതും വെല്ലുവിളിയായി. ശമ്പളം നൽകാത്തതിനെ തുടർന്ന് മോങ്ബ്വാലുവിലെ ആരോഗ്യ പ്രവർത്തകർ തിങ്കളാഴ്ച മുതൽ സമരം ആരംഭിച്ചു. ബുനിയയിലെ ആരോഗ്യ പ്രവർത്തകരും ശമ്പളക്കുറവും അപകടകരമായ തൊഴിൽ സാഹചര്യങ്ങളും ഉന്നയിച്ച് പണിമുടക്കിയിരുന്നു. എബോള പൊട്ടിപ്പുറപ്പെട്ടതുമുതൽ 100ലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മുൻകാലങ്ങളിലേക്കാൾ വേഗത്തിലാണ് രോഗവ്യാപനമെന്നും മരണസംഖ്യ ഉയർന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 2014- 2016ൽ 28,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 11,000 പേർ മരിച്ചു. ഈ കാലയളവിൽ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം എട്ടുമാസത്തിനിടെയാണ് 1000 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.










0 comments