ഗാസയ്‌ക്ക് യുഎഇയുടെ പിന്തുണ; 1000 ദിവസം: 1.26 ലക്ഷം ടൺ സഹായം

ദുബായ് : ഗാസയിലെ ജനങ്ങൾക്ക് അടിയന്തര ദുരിതാശ്വാസം, ചികിത്സാ സേവനങ്ങൾ, പുനരധിവാസ സഹായങ്ങൾ എന്നിവ എത്തിക്കുന്ന യുഎഇയുടെ "ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–3' മാനുഷിക ദൗത്യം 1000 ദിവസം പൂർത്തിയാക്കി. 2023 നവംബറിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ദൗത്യം ആരംഭിച്ചത്. ഇതുവരെ 1.26 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ-്‌തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഗാസയിലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി. 770-ൽ അധികം രക്ഷാദൗത്യ വിമാനങ്ങൾ, 25 കപ്പലുകൾ, 13,000-ൽ അധികം സഹായ ട്രക്കുകൾ എന്നിവ വഴിയാണ് വിതരണം നടത്തിയത്. ആകെ 3890 കോടി ഡോളറിലധികം മൂല്യമുള്ള സഹായങ്ങളാണ് കൈമാറിയതെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യരംഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് ദൗത്യം മുന്നോട്ടുപോകുന്നത്. ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രി, മെഡിക്കൽ കേന്ദ്രങ്ങൾ, ഈജിപ്തിലെ ഫ്ലോട്ടിങ് ആശുപത്രി എന്നിവയിലൂടെ 2.30 ലക്ഷത്തിലധികം രോഗികൾക്ക് ചികിത്സ ലഭ്യമാക്കി. കരമാർഗം സഹായമെത്തിക്കാൻ കഴിയാത്ത പ്രദേശങ്ങളിലേക്ക് "ബേർഡ്സ് ഓഫ് ഗുഡ്നസ്' പദ്ധതിയിലൂടെ വ്യോമമാർഗം 4000 ടണ്ണിലധികം സഹായ സാധനങ്ങളും എത്തിച്ചു.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കപ്പുറം ഭക്ഷ്യ–ജല സുരക്ഷാപദ്ധതികൾ, വിദ്യാഭ്യാസ സഹായം, അംഗഭംഗം സംഭവിച്ചവർക്ക് കൃത്രിമ അവയവങ്ങൾ ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നതായി യുഎഇ അധികൃതർ അറിയിച്ചു.










0 comments