ജെസ്‌ന തിരോധാനം: 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹെെക്കോടതി

കൊച്ചി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും വിദ്യാർഥി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത് സംബന്ധിച്ച അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി. കേസിൽ സംശയിക്കപ്പെടുന്ന ഇടുക്കി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് നൽകിയ ഹർജി തീർപ്പാക്കി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടത്. സിബിഐ ഉദ്യോഗസ്ഥർ നിരന്തരം വിളിപ്പിച്ച് പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുവാവ് ഹർജി നൽകിയത്.
അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും ചോദ്യംചെയ്യൽ നിയമപരമായ രീതിയിലാകണമെന്നും കോടതി നിർദേശിച്ചു. എട്ടുവർഷം കഴിഞ്ഞിട്ടും അന്വേഷണം അനിശ്ചിതമായി തുടരുന്നതിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി.
2018 മാർച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതായത്. സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. പക്ഷേ, കേസ് തെളിയിക്കാനായില്ലെന്നുകാണിച്ച് സിബിഐ റിപ്പോർട്ട് നൽകി. എന്നാൽ, സിബിഐ വീണ്ടും അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിടുകയായിരുന്നു.









0 comments