ad
Deshabhimani

‘പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു’; ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രിയുടെ പരിഹാസം

satheesan camp
വെബ് ഡെസ്ക്

Published on Aug 04, 2026, 09:11 PM | 1 min read

പത്തനംതിട്ട: വിമർശനങ്ങൾക്കൊടുവിൽ മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ക്യാമ്പിലുണ്ടായിരുന്ന ഒരാളെ പരിഹസിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു’ എന്ന് ക്യാമ്പിലുള്ള ഒരാളെ നോക്കി മുഖ്യമന്ത്രി പറയുന്നതാണ് വീഡിയോയിലുള്ളത്.


ജൂലൈ 31ന് ദുരന്തമുണ്ടായ പ്രദേശത്ത് നാലുദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി എത്തിയത്. ദുരിതബാധിതരോട് സംസാരിക്കുന്നതിനിടെ ക്യാമ്പിലുള്ളയാളാണോ എന്ന് ഒരാളോട് സതീശൻ ചോദിക്കുന്നുണ്ട്. ശേഷം കൂടെയുള്ളവരോട് 'പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു' എന്ന് പറയുന്നത് വീഡിയോയിൽ കാണാം.


അതേസമയം പേരിനൊരു സന്ദർശനം മാത്രമാണ് നടത്തിയതെന്ന വിമർശനവും മുഖ്യമന്ത്രിക്കെതിരെ ഉയരുന്നുണ്ട്. വെള്ളം കയറിയ ഭാഗത്തിന് സമീപമെത്തിയ മുഖ്യമന്ത്രിക്ക് അബിൻ വർക്കി എംഎൽഎ സ്ഥിതിഗതികൾ വിശദീകരിച്ചു. ചുറ്റുമൊന്ന് നോക്കിയ സതീശൻ പെട്ടെന്നുതന്നെ മടങ്ങി. തുടർന്നുള്ള ക്യാമ്പ് സന്ദർശനത്തിനിടെയായിരുന്നു അവിടെയുണ്ടായിരുന്നയാളെക്കുറിച്ചുള്ള പരിഹാസപരാമർശം.


ദുരന്തത്തിന്റെ ആഘാതത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനം അനുചിതമാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. ദുരിതബാധിതരുമായി വിശദമായി സംസാരിക്കാനോ ക്യാമ്പിലെ സൗകര്യങ്ങൾ പരിശോധിക്കാനോ സമയം ചെലവഴിക്കാത്ത ഹ്രസ്വസന്ദർശനവും വിമർശനത്തിനിടയാക്കി.


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിവിധ ജില്ലകൾ ദുരിതത്തിലായിരിക്കെ മുഖ്യമന്ത്രി സ്വകാര്യപരിപാടികളിലും വിരുന്നുകളിലും പങ്കെടുത്തതിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ കൊച്ചിയിലേക്ക് സർക്കാർ ഹെലികോപ്റ്ററിൽ സ്വകാര്യയാത്ര നടത്തിയെന്ന റിപ്പോർട്ടുകളും വിമർശനം ശക്തമാക്കി.


കാലാവസ്ഥ മോശമായതിനാൽ ആദ്യയാത്രയിൽ കൊച്ചിയിലിറങ്ങാനാകാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ ഹെലികോപ്റ്റർ പിന്നീട് വീണ്ടും കൊച്ചിയിലേക്ക് പറന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ദുരന്തസമയത്തെ മുഖ്യമന്ത്രിയുടെ മുൻഗണനകളെ ചോദ്യംചെയ്ത് നിരവധിപേർ രംഗത്തെത്തിയിരുന്നു.


ജൂലൈ 31 മുതൽ കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നേരത്തേ നൽകിയിട്ടും സർക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈകിയെത്തിയ മുഖ്യമന്ത്രിയുടെ രണ്ടുമിനിറ്റ് സന്ദർശനവും ക്യാമ്പിലെ പരിഹാസപരാമർശവും കൂടുതൽ പ്രതിഷേധത്തിന് വഴിവച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home