മുഖ്യമന്ത്രിയുടെ 'സ്പോൺസർ' യാത്ര: ചിപ്സൺ ഏവിയേഷൻ പണം നൽകിയതിന്റെ രേഖകൾ പുറത്ത്

കൊച്ചി: വാടകക്കരാർ പുതുക്കാൻ സർക്കാരിന് അപേക്ഷ നൽകിയ ഹെലികോപ്റ്റർ കമ്പനി, മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയ്‌ക്ക് പണമടച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേളചന്ദ്ര ഗ്രൂപ്പിന്റെ എംബ്രയർ ഫെനോം 100 വിമാനത്തിൽ സതീശൻ മലപ്പുറത്ത് പോയതിന് 19,88595 രൂപയാണെന്ന് ചിപ്‌സൺ കമ്പനി നൽകിയത്. പണം കൊടുത്തതിന്റെ ഇൻവോയ്സ് രേഖകൾ പുറത്തുവന്നു.
വിമാനം സ്പോൺസർ ചെയ്‌തത് കേരളത്തിന് ഹെലികോപ്ടർ വാടകയ്‌ക്ക് നൽകിയ ചിപ്‌സൺ കമ്പനിയാണെന്ന് വ്യക്തമായതോടെ അഴിമതിനിരോധന നിയമപ്രകാരമുള്ള ഗുരുതര കുറ്റമാണ് പുറത്തുവരുന്നത്. ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കാൻ കമ്പനി നൽകിയ അപേക്ഷയിൽ സർക്കാർ തീരുമാനമാകുംമുമ്പ് മുഖ്യമന്ത്രി അവരുടെ ആനുകൂല്യം പറ്റുന്നത് കൈക്കൂലിയാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ചിപ്‌സൻ എവിയേഷന്റെ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തത്. അവയവ ദാനത്തിനുള്ള എയർ ആംബുലൻസായാണ് കൂടുതൽ സർവീസ് നടത്തിയത്. മൂന്ന് വർഷം കരാർ രണ്ടു വർഷംകൂടെ നീട്ടാമെന്ന വ്യവസ്ഥ നേരത്തെ ഉണ്ടായിരുന്നു. അതുനസുരിച്ച് കരാർ ദീർഘിപ്പിക്കാൻ ജൂൺ എട്ടിനാണ് സംസ്ഥാന പൊലീസ് മേധാവി ആദ്യം കത്ത് നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വീണ്ടും കത്തുനൽകി. ആദ്യ കത്ത് ധനവകുപ്പിന് കൈമാറിയെങ്കിലും തീരുമാനം എടുത്തിരുന്നില്ല. ഈ പുതിയ കരാറിനായുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ മഴക്കെടുതിയിൽ മരിച്ചവരുടെ വീട് സന്ദർശിക്കാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചത്.
സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്‌പോൺസറെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്തിനാണ് സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്? പരസ്യമായാണ് യാത്ര ചെയ്തത്. സർക്കാരിന്റെ ഒരു രൂപ പോലും ഉപയോഗിച്ചില്ല. ആറ് പേര് മരിച്ചിട്ടും മുഖ്യമന്ത്രി പോയില്ല എന്ന് മാധ്യമങ്ങൾ വാർത്ത നൽകും. അതിനാൽ അവിടെ പോകേണ്ടതുണ്ടായിരുന്നു. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്തതിന് ശേഷം അതിവേഗം മലപ്പുറത്തെത്താനാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചോദ്യത്തിൽ നിന്ന് വഴുതിമാറുകയായിരുന്നു.









0 comments