ad
Deshabhimani

കൂട്ടത്തോടെ വെട്ടിമാറ്റൽ: എസ്‌ഐആർ പ്രതിരോധ യാത്രയുമായി പ്രകാശ് രാജ്

PRAKASH RAJ
വെബ് ഡെസ്ക്

Published on Sep 24, 2026, 12:33 PM | 2 min read

ബം​ഗളൂരു: വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന(എസ്‌ഐആർ)യെത്തുടർന്ന് അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് 10 ദിവസത്തെ പര്യടനം ആരംഭിച്ചു. കർണാടകയിലെ കലബുറഗിയിൽ നാടോടി വിഭാഗങ്ങളുടെ പ്രധാന കേന്ദ്രമായ രാമനഗറിൽ നിന്നാണ് അദ്ദേഹം എസ്‌ഐആർ പ്രതിരോധ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രകാശ് രാജ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. കർണാടകത്തിലെ 28 ജില്ലകളിലൂടെയും പര്യടനം കടന്നുപോകും. ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പര്യടനം മുന്നേറുന്നത്.


രാമന​ഗർ സ്വദേശികളുമായി എസ്ഐആർ സംബന്ധിച്ച് സംവദിച്ച ശേഷമാണ് അദ്ദേഹം എസ്ഐആർ പ്രതിരോധ യാത്ര തുങ്ങിയത്. സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടവോട്ടുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലായി നിരവധിയാളുകളെയാണ് എസ്ഐആറിൽ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്. കലബുറഗി ജില്ലയിൽ 5,21,950 വോട്ടർമാരെയാണ് ഇത്തരത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവർക്കെല്ലാം നിശ്ചിത സമയത്തിനുള്ളിൽ എങ്ങനെ തങ്ങളുടെ അർഹത തെളിയിക്കാനാകുമെന്നും പ്രകാശ് രാജ് ആശങ്കയറിയിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കേവലം 25000 പേർ മാത്രമാണ് ഫോം 6 സമർപ്പിച്ച് പ്രതികരിച്ചിട്ടുള്ളത്.


‘വോട്ടർമാരെ ഒഴിവാക്കിയശേഷം അവരോട് പുതിയ അപേക്ഷകർക്കുള്ള ഫോം- 6 സമർപ്പിക്കാനാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്‌. മുമ്പ്‌ വോട്ടുചെയ്തവർ എന്തിനാണ്‌ വീണ്ടും പുതിയ വോട്ടർമാരായി അപേക്ഷിക്കുന്നത്‌?. എന്റെ പേരും പട്ടികയിൽനിന്ന് നീക്കംചെയ്തു. എന്നാൽ, ലക്ഷക്കണക്കിനുപേരുടെ വോട്ടവകാശം തുലാസിലാക്കി എനിക്കുമാത്രം വോട്ട്‌ പുനഃസ്ഥാപിക്കേണ്ടതില്ല.’ 


പേരുകൾ നീക്കം ചെയ്യപ്പെട്ട പ്രമുഖ വ്യക്തികൾക്ക് ചിലപ്പോൾ സമയത്തിന് രേഖകൾ ഹാജരാക്കാനാകുമെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ അവസ്ഥ മറിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചേരികളിലും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും താമസിക്കുന്നവർക്ക് എസ്ഐആ‌ർ നടപടി വൻ പ്രതിസന്ധിയാണുണ്ടാക്കിയത്. ഈ വിഷയം വളരെ ​ഗൗരവതരമാണ്. നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കി ഔദ്യോ​ഗിക അറിയിപ്പുകളോട് പ്രതികരിക്കുന്നതിൽ ഇവർക്ക് പരിമിതിയുണ്ട്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.



ഫോം 6 സമർപ്പിച്ചവരിൽ ഇതിനകം വോട്ടവകാശം വിനിയോഗിച്ചവരെ പുതിയ അപേക്ഷകരായി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന രാഷ്ട്രീയക്കാർക്കും വിരമിച്ച ജഡ്ജിമാർക്കും വോട്ടർപട്ടികയിലെ പിശകുകൾ തിരുത്താൻ ഉദ്യോഗസ്ഥർ നേരിട്ട് വസതികൾ സന്ദർശിക്കുമ്പോൾ മറ്റുള്ളവരോട് മുഖം തിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. കർണാടകയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള പര്യടനം ബുധനാഴ്ച ബംഗളൂരുവിൽ നടക്കുന്ന വട്ടമേശ സമ്മേളനത്തോടെ സമാപിക്കും. അന്ന് തന്നെ ശേഖരിച്ച വിവരങ്ങളും രേഖകളും കർണാടക മുഖ്യമന്ത്രിക്ക് സമർപ്പിച്ച് എസ്ഐആർ നടപടിക്രമം പിൻവലിക്കാൻ ആവശ്യപ്പെടും. തുടർന്ന് ഒക്ടോബർ 1ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും.


സാമൂഹികപ്രവർത്തകരായ കെ നീല, മീനാക്ഷി ബാലി, കെ എൽ അശോക് തുടങ്ങിയവരും പ്രതിഷേധത്തിന്‌ നേതൃത്വം നൽകുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home