ad
Deshabhimani

യാത്രക്കാരുമായി പോകുന്നതിനിടെ എൻജിൻ ഓഫായി റോ റോ കടലിലേക്ക് ഒഴുകി; ഒഴിവായത്‌ വൻ അപകടം

kochi ro ro accident

എൻജിൻ ഓഫായി കടലിലേക്ക് ഒഴുകിയ റോറോ

വെബ് ഡെസ്ക്

Published on Aug 04, 2026, 08:40 PM | 1 min read

കൊച്ചി : സർവീസിനിടെ എൻജിൻ തകരാറിലായി കോർപറേഷന്റെ റോറോ നിയന്ത്രണംവിട്ട്‌ കടലിലേക്ക്‌ ഒഴുകി. ചൊവ്വ വൈകിട്ട്‌ ആറോടെ വൈപ്പിന്‌ സമീപമായിരുന്നു അപകടം. പ്രദേശത്ത്‌ പട്രോളിങ്‌ നടത്തുകയായിരുന്ന വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ട് എത്തി റോറോ കെട്ടിവലിച്ച്‌ കരയ്‌ക്കെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. വൈപ്പിനിൽനിന്ന്‌ ഫോർട്ട്‌ കൊച്ചിയിലേക്ക്‌ യാത്രക്കാരുമായി പോകുന്നതിനിടെയാണ്‌ എൻജിൻ തകരാറിലായത്‌. ഒമ്പത്‌ കാറും ഒരു ട്രാവലറും അമ്പതോളം ഇരുചക്രവാഹനങ്ങളും കൊച്ചുകുട്ടികളടക്കം നൂറോളം യാത്രക്കാരും റോറോയിൽ ഉണ്ടായിരുന്നു. നിയന്ത്രണംവിട്ട്‌ മുന്നൂറ്‌ മീറ്ററോളം സഞ്ചരിച്ച്‌ അഴിമുഖവും പിന്നിട്ട്‌ കടലിലേക്ക്‌ പ്രവേശിച്ചപ്പോഴാണ്‌ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടത്‌.


കൊച്ചി തുറമുഖത്തേക്ക്‌ കപ്പലുകൾ കടന്നുപോകുന്ന പാതയിലാണ്‌ റോറോ തകരാറിലായത്‌. ഇ‍ൗ സമയം വലിയ കപ്പലുകളൊന്നും ഇതുവഴി വരാത്തതും അപകടം ഒഴിവാക്കി. വൈപ്പിൻ തീരത്ത്‌ എത്തിച്ച റോറോ കെഎസ്‌എൻഐസി ഉദ്യോഗസ്ഥരെത്തി പരിശോധിച്ച്‌ എൻജിൻ തകരാറാണെന്ന്‌ കണ്ടെത്തി. തകരാർ പരിഹരിച്ചശേഷമേ സർവീസ്‌ പുനരാരംഭിക്കാനാകൂ. അതുവരെ ഒരു റോറോയാകും സർവീസ്‌ നടത്തുക. സബ് ഇൻസ്പെക്ടർ പി ജെ ഷിജു, സിവിൽ പൊലീസ് ഓഫീസർ സി കെ വിഷ്ണു, ബോട്ട് സ്രാങ്ക് അജയൻ നെടിയറ, ഡ്രൈവർ സി കെ ഷാജി, സീ റെസ്ക്യൂ ഗാർഡുമാരായ വി കെ ഷെല്ലൻ, ഉദയരാജ്‌, ടി ടി വിനു, ജിപ്സൺ റോച്ച എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home