ad
Deshabhimani

മനുഷ്യസ്‌നേഹത്തിന്റെ മായാത്ത മുദ്ര; രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ രാജേഷിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

rajesh pinarayi vijayan
വെബ് ഡെസ്ക്

Published on Aug 04, 2026, 09:30 PM | 1 min read

തിരുവനന്തപുരം : കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷാണ് കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ചത്. സംഭവം അത്യന്തം വേദനാജനകമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നീന്തൽ പരിശീലകനായ രാജേഷ് പ്രളയ ജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ രക്ഷിച്ച ശേഷമാണ് മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്.


മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷ് തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്‌. സ്വയരക്ഷക്ക്‌ ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയാണ്‌ രാജേഷ്‌ തിരിച്ച് നീന്തിയത്‌. അതിനിടെ ഒഴുക്കിൽപ്പെട്ടു. സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാളുടെ രക്ഷക്കായി നൽകിയ രാജേഷ്‌ മഹാത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. രക്ഷാപ്രവർത്തനത്തിനിറങ്ങി ജീവൻവെടിയേണ്ടി വന്ന രാജേഷിന്റെ ആത്മത്യാഗം എന്നെന്നും സ്മരിക്കപ്പെടും. രാജേഷിന്റെ കുടുംബത്തിന്റെയും ഉറ്റവരുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഒഴുക്കിൽപ്പെട്ടതിന്റെ നാലാം ദിവസമാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കർണ്ണാടക വനത്തിലെ മുന്താരിയിൽ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്‌ച വൈകിട്ട്‌ കർണാടക വനത്തിലും ഒത്തിരി കോഴിച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും കാര്യംകോട് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴ കര കവിഞ്ഞതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ട കർഷകൻ ബെന്നിയെ രക്ഷിച്ച്‌ കൂട്ടുകാർക്കൊപ്പം തിരിച്ചു പുഴ കടക്കുമ്പോഴാണ് നീന്തൽ പരിശീലകനായ രാജേഷ് കുത്തൊഴുതിൽ കയറിൽ നിന്ന് പിടി വിട്ട് കാണാതായത്‌. തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കുറുകെ കടക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home