കളിക്കുന്നത് അച്ഛനല്ലല്ലോ, ഞാനല്ലേ... ബ്രസീൽ ടീമിലേക്ക് തിരിച്ചുവരുമെന്ന സാധ്യതകൾ തള്ളി നെയ്മർ

റിയോ ഡി ജനെയ്റോ : ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചുവരുമെന്നും 2030 ലോകകപ്പിൽ കളിച്ചേക്കുമെന്നുമുള്ള സാധ്യതകൾ തള്ളി സൂപ്പർതാരം നെയ്മർ. ബ്രസീൽ ദേശീയ ടീമിലേക്ക് നെയ്മർ തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന പിതാവ് നെയ്മർ സീനിയറിന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു നെയ്മർ.
നെയ്മർ ബ്രസീൽ ടീമിൽനിന്ന് വിരമിച്ചെന്ന് ഉറപ്പിച്ചുപറയാനാകില്ല. ഒരുപക്ഷേ അവൻ തിരിച്ചുവന്നേക്കാം എന്നായിരുന്നു നെയ്മറിന്റെ പിതാവിന്റെ പ്രതികരണം. ഇതിന് ചിരിച്ചുകൊണ്ട് “കളിക്കുന്നത് എന്റെ അച്ഛനല്ലല്ലോ” എന്നാണ് നെയ്മർ മറുപടി നൽകിയത്. ദേശീയ ടീമിലേക്ക് മടങ്ങില്ലെന്നും വിരമിക്കലിൽ നിന്ന് പിന്മാറില്ലെന്നും ഉറപ്പിക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം.
2026 ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടറിൽ നോർവേയോട് തോറ്റാണ് ബ്രസീൽ പുറത്തായത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു നോർവേയുടെ ജയം. മത്സരത്തിൽ നെയ്മറാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതിനു പിന്നാലെയാണ് നെയ്മർ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രസീൽ ജഴ്സിയിലെ തന്റെ കാലം അവസാനിച്ചെന്നും ഇനി ദേശീയ ടീമിനായി കളിക്കില്ലെന്നും നെയ്മർ വ്യക്തമാക്കിയിരുന്നു.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 130 മത്സരത്തിൽ 80 ഗോൾ. 2014 മുതലുള്ള നാല് ലോകകപ്പിലും ബൂട്ടുകെട്ടി, ഗോളടിച്ചു. ആകെ 9 ഗോൾ. 2016 റിയോ ഒളിന്പിക്‌സിൽ സ്വർണം നേടിയതാണ് പ്രധാന നേട്ടം. 2012 ലണ്ടൻ ഒളിന്പിക്‌സിൽ വെള്ളിയും നേടി. ലോകകപ്പും കോപ അമേരിക്കയും നേടാതെയാണ് പടിയിറക്കം. 2021ൽ കോപ ഫൈനലിലെത്തിയെങ്കിലും അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 2013ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ് നേടി. ഇൗ ടൂർണമെന്റിൽ മികച്ച താരവും ഗോളടിക്കാരനുമായിരുന്നു. എന്നാൽ ക്ലബ് ഫുട്ബോളിൽ തുടരുന്നതിനെപ്പറ്റി നെയ്മർ തീരുമാനം വ്യക്തമാക്കിയിട്ടില്ല. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ താരമാണ് നെയ്മർ.









0 comments