ad
Deshabhimani

നായയുടെ കടിയേറ്റു; കുത്തിവെപ്പിനിടെ രണ്ടര വയസുകാരന്റെ ശരീരത്തിൽ സിറിഞ്ച് സൂചി ഒടിഞ്ഞു കയറി

Injection Needle

Photo: NDTV

വെബ് ഡെസ്ക്

Published on Aug 04, 2026, 07:26 PM | 1 min read

മുംബൈ: നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞ് കയറി. മുംബൈയ്ക്കടുത്തുള്ള കല്യാൺ ഈസ്റ്റിൽ നിന്നുള്ള കാവേഷ് എന്ന കുട്ടിയുടെ ശരീരത്തിലാണ് സൂചി ഒടിഞ്ഞു കയറിയത്. ഞായറാഴ്ചയായിരുന്നു സംഭവം. കുത്തിവെപ്പിനിടെ സൂചി ഒടിഞ്ഞ് കുട്ടിയുടെ ശരീരത്തിൽ തുളഞ്ഞു കയറിയിട്ടും ആശുപത്രി അധികൃതർ ​ഗൗനിച്ചില്ല. മാതാപിതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് ഡോക്ടർമാരോ നഴ്സോ മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഒടുവിൽ മറ്റൊരു ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ നിന്നും ഒടിഞ്ഞ സൂചി ശസ്ത്രക്രിയയിലൂ‌ടെ പുറത്തെടുത്തത്.


കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റത്. തുടർന്ന് കുട്ടിയെ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള രുഗ്മിണിഭായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാനയുടെ കടിയേറ്റതിനാൽ പേവിഷബാധയ്ക്ക് കുത്തിവെപ്പിന് നിർദേശിച്ചു. ഇതിൻപ്രകാരം നഴ്സ് മൂന്ന് കുത്തിവെപ്പെടുത്തു. രണ്ടെണ്ണം കൈകളിലും ഒന്ന് കാലിലുമാണ് എടുത്തത്. അവസാനത്തേത് ഇടുപ്പിന് സമീപത്തും എടുത്തു. ഈ കുത്തിവെപ്പിലാണ് കുട്ടിയുടെ ശരീരത്തിൽ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയത്.


സൂചി ഒടിഞ്ഞതായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും അത് ​ഗൗരവത്തിൽ എടുത്തില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഒടിഞ്ഞ ഭാഗം തറയിൽ വീണിട്ടുണ്ടാകുമെന്നായിരുന്നു അധികൃതരുടെ വാദമെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു. എന്നാൽ തങ്ങൾ താഴെ പരിശോധിച്ചുവെങ്കിലും സൂചിയുടെ ഭാ​ഗം കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടറോട് പറഞ്ഞിട്ടും അത് നിരസിച്ചുവെന്നും കുടുംബം പറയുന്നു. തുടർന്ന് വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയും ചെയ്തു.


എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെ‌‌ടാൻ തുടങ്ങി. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് എക്സ് റേ പരിശോധനയിൽ സൂചി ശരീരത്തിനുള്ളിൽ തറച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home