കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് ആയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട്.
കാസർകോട്
കേന്ദ്ര കാലാവസ്ഥവകുപ്പ് കാസറഗോഡ് ജില്ലയിൽ ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല
വയനാട്
ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണ്.
റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്നും നിർദേശമുണ്ട്.
ഇടുക്കി
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സുകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
കനത്ത മഴയെത്തുടർന്നും, പ്രളയ ബാധിത ക്യാമ്പുകൾ സ്‌കുളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ആലപ്പുഴ
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.









0 comments