ad
Deshabhimani

അരുണാചലിൽ വീണ്ടും മണ്ണിടിച്ചിൽ; ഏഴുപേർ മരിച്ചു

arunachal flood
വെബ് ഡെസ്ക്

Published on Aug 04, 2026, 07:04 PM | 1 min read

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മണ്ണിടിച്ചിലും മിന്നൽപ്രളയവും. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഏഴുപേർ മരിച്ചു. 28 ജില്ലകളിലായി ഇതുവരെ 1,55,858 പേരെയാണ് ദുരന്തം ബാധിച്ചതെന്ന് സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ അപ്പർ സിയാങ്, ക്രാ ദാദി, കാംലെ ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. അപ്പർ സിയാങ്ങിലെ യിങ്‌കിയോങ് സർക്കിളിലും യിങ്‌കിയോങ് ഗ്രാമത്തിലും മണ്ണിടിച്ചിലുണ്ടായി. ക്രാ ദാദിയിലെ താരക് ലാങ്ഡി സർക്കിളിൽ താജി–കമ്പാങ് ഗ്രാമങ്ങൾക്കിടയിലുള്ള പ്രദേശം മിന്നൽപ്രളയത്തിൽപ്പെട്ടു. കാംലെയിലെ റാഗ സർക്കിളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഗോദക്, കിഗാം ഗ്രാമങ്ങളും ദുരിതത്തിലായി.


സംസ്ഥാനത്തെ 384 സർക്കിളുകളിലായി 678 ഗ്രാമങ്ങളെ കാലവർഷക്കെടുതി ബാധിച്ചിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, വൈദ്യുതി–ജലവിതരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയിലും വ്യാപക നാശമുണ്ടായി.


235 റോഡുകൾ, 40 പാലങ്ങൾ, 75 കലുങ്കുകൾ, 373 കുടിവെള്ള വിതരണ സംവിധാനങ്ങൾ, 161 വൈദ്യുതി ലൈനുകൾ, 823 വൈദ്യുതി തൂണുകൾ, 66 ജലസേചന പദ്ധതികൾ, 122 സർക്കാർ കെട്ടിടങ്ങൾ, 41 സ്കൂളുകൾ, 12 ജലവൈദ്യുത പദ്ധതികൾ എന്നിവ തകർന്നു. 26 സംരക്ഷണഭിത്തികൾക്കും 16 പ്രളയപ്രതിരോധ ഭിത്തികൾക്കും കേടുപാടുണ്ടായി.


കൃഷി–ഹോർട്ടികൾച്ചർ മേഖലകളിലായി 1,528.626 ഹെക്ടറിലെ വിളകൾ നശിച്ചു. ഇതിൽ 780.716 ഹെക്ടർ ഹോർട്ടികൾച്ചർ കൃഷിയും 747.91 ഹെക്ടർ കാർഷിക വിളകളുമാണ്.


ലോങ്ഡിങ്, ലോവർ സുബൻസിരി, പാപും പാരെ ജില്ലകളിൽ ബുധനാഴ്ച ഇടിമിന്നലോടുകൂടിയ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈസ്റ്റ് കാമെങ്, ലോഹിത്, നാംസായ്, കാംലെ ജില്ലകളിൽ ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നുണ്ട്.


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വ്യാഴാഴ്ചമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കുമെങ്കിലും ആഴ്ചകളായി തുടരുന്ന മഴയിൽ മണ്ണ് കുതിർന്നതിനാൽ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും മിന്നൽപ്രളയത്തിനുമുള്ള സാധ്യത തുടരുന്നതായും മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home