സ്ത്രീകളെ അപമാനിച്ച സി പി ജോൺ മാപ്പുപറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളെ അപമാനിച്ച ഗതാഗതമന്ത്രി സി പി ജോൺ മാപ്പുപറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസം, നവോത്ഥാന മുന്നേറ്റങ്ങൾ, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകൾ എന്നിവയിലൂടെ മുന്നേറിയ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന പരാമർശമാണ് മന്ത്രിയുടേതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന പുരുഷമേധാവിത്വ ചിന്തയാണ് മന്ത്രിയുടെ വാക്കുകളിൽ പ്രകടമായത്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തിയശേഷം അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കുകയും പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ അപമാനിക്കുകയുമാണ് സർക്കാർ ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് യാത്രാച്ചെലവ് കണ്ടെത്തുന്നത്. ഏതെങ്കിലും സ്ത്രീ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഔദാര്യമല്ലിത്. വോട്ട് നേടുന്നതിനായി യുഡിഎഫ് നൽകിയ വാഗ്ദാനമാണ്. എന്നിട്ടും പദ്ധതി ഉപയോഗിക്കുന്നവരെ പാവപ്പെട്ടവരായി അഭിനയിക്കുന്നവരെന്ന തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ വീട്ടമ്മമാർക്കായി നടപ്പാക്കിയ ആയിരം രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിച്ചാണ് ഇപ്പോഴത്തെ പദ്ധതി കൊണ്ടുവന്നത്. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ഏത് ബസിലും യാത്ര ചെയ്യാൻ സഹായിച്ച പദ്ധതിയെ ഇല്ലാതാക്കി, പരിമിതമായ ബസുകളിലെ സൗജന്യയാത്രയെ ഔദാര്യമായി അവതരിപ്പിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പണം ഇല്ലാതെ പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകൾ തള്ളിക്കയറുകയാണെന്നായിരുന്നു ഗതാഗതമന്ത്രി സി പി ജോണ്‍ പറഞ്ഞത്. ‘‘അഭിനയം ചെറിയ കാര്യമല്ല. പണക്കാരൻ പാവപ്പെട്ടനായി അഭിനയിക്കുന്നു. അല്ലെങ്കിൽ പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളിലേക്ക് വിട്ടിട്ട്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. എന്നിട്ട് ഈ സ്ത്രീകൾ പൈസ കൊടുക്കേണ്ടാത്ത ബസ് കാണുമ്പോൾ തള്ളിക്കയറുന്നു. എന്നായിരുന്നു സിപി ജോണ്‍ പറഞ്ഞത്.










0 comments