"അഹങ്കാരം നാശത്തിലേക്ക് നയിക്കും": ടി വി കെയ്ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

ഉദയനിധി സ്റ്റാലിൻ, വിജയ്, എം കെ സ്റ്റാലിൻ
ചെന്നൈ: നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടനും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ ടി വി കെയ്ക്കെതിരെ വിമർശനവുമായി ഡി എം കെ അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നും തുടർച്ചയായ അഹങ്കാരം ആ നാശത്തിന്റെ വേഗത കൂട്ടുക മാത്രമേയുള്ളൂ എന്നും സ്റ്റാലിൻ പറഞ്ഞു.
അധികാരമേറ്റെടുത്തതുമുതൽ, വാഗ്‌ദാനങ്ങൾ പാലിക്കാൻ പരിശ്രമിക്കുന്നതിന് പകരം വെറുമൊരു റീൽസ് ക്രിയേറ്ററായി കറങ്ങിനടക്കാനാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം. എന്നാൽ അദ്ദേഹം ഇനിമുതലെങ്കിലും തന്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തമിഴ്നാട് സർക്കാർ ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്നും സംസ്ഥാന ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് നടത്തിയ ഈ അറസ്റ്റ്, പ്രതിപക്ഷ നേതാവിനെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അന്വേഷണ ആവശ്യകതകൾ പാലിക്കണമെന്നും നിർദേശിച്ചുകൊണ്ട് ഉദയനിധി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി സ്വീകരിച്ചു.
ഇന്ന് രാവിലെയോടെയാണ് നീലാങ്കരയിലെ വസതിയിൽ വെച്ച് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റ്ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതേസമയം അറസ്റ്റ് സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും റിമാൻഡ് ചെയ്യേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.
ടിവികെ നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശം.










0 comments