അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കേസ്
മുംബൈ പൊലീസിൽ 10 അജ്ഞാത ജീവനക്കാര്‍, ശമ്പളമായി തട്ടിയത് 6.4 കോടി രൂപ

മുംബൈ: മുംബൈ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ അജ്ഞാതരായ പത്ത് ജീവനക്കാര്‍. വര്‍ഷങ്ങളായി അവര്‍ വാങ്ങിച്ചത് ഏഴ് കോടിയോളം രൂപ. പുതിയ ശമ്പള പേര്‍ട്ടലിലേക്ക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ മാറ്റുന്നതിനിടെയാണ് അജ്ഞാതര്‍ വെളിപ്പെട്ടത്. എളുപ്പം കണ്ടുപിടിക്കാതിരിക്കാൻ തുടര്‍ച്ചയില്ലാത്ത നിലയിലായിരുന്നു പേ റോളിലെ തിരിമറി. 2019ഡിസംബർ മുതൽ 2020ഫെബ്രുവരി വരെയും, 2020ജൂൺ മുതൽ സെപ്റ്റംബർ വരെയുമുള്ള കാലയളവിലാണ് ഈ അനധികൃത ശമ്പള ഇടപാടുകൾ പ്രധാനമായും നടന്നത്.
"ഭൂത" ജീവനക്കാരുടെ പേരിൽ 6.41കോടി രൂപ ശമ്പളമായി തട്ടിയെടുത്ത കേസിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് തന്നെ കേസെടുത്തു. പഴയ ശമ്പള പോർട്ടലായ 'സേവാർത്ഥ്'എന്ന സിസ്റ്റത്തിൽ നിന്നും പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലേക്ക് ജീവനക്കാരുടെ ഡാറ്റ മാറ്റുന്നതിനിടയിലാണ് വൻ തട്ടിപ്പ് വെളിച്ചത്തുവന്നത്.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാംകിഷൻ ഗോ സ്വാമി,നാഗേഷ് തൽവാഡേക്കർ,വിജയ ചവാൻ,ഹെഡ് ക്ലർക്ക് അജയ് റാത്തോഡ്,സീനിയർ ക്ലർക്ക് അമോൽ മേഷ്‌റാം എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആസൂത്രിതം സംഘടിതം
മിനിസ്റ്റീരിയൽ തലത്തിലുള്ള ക്ലർക്കുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാജ അറ്റൻഡൻസ് രജിസ്റ്ററുകളും രേഖകളും നിർമ്മിച്ചു. പുറത്തുനിന്നുള്ള 10 പേരുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ സർവീസ് ഐഡി, ഡിഫൈൻഡ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം ഐഡി എന്നിവ നിർമ്മിച്ചെടുത്തു. സേനയിൽ ഇല്ലാത്ത ഈ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.
രാംദാസ് ഭോഗ്ലെ,സുധാകർ കദം,സർജു യാദവ്,ഭഗവത് ഭോസ്ലെ,ഗുണാജി ഖവ്കർ,മഹാദേവ് ഹൽദങ്കർ,രാജേന്ദ്ര സോണാർ,ഉത്തം തോറാട്ട്,സൂര്യകാന്ത് പാട്ടീൽ,പാണ്ഡുരംഗ് കദം എന്നിങ്ങനെയായിരുന്നു കാണാ ജീവനക്കാര്‍ക്ക് പേര്‍ നൽകിയത്.
തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജയ ചവാൻ,അമോൽ മേഷ്‌റാം എന്നിവരെ പോലീസ് സസ്പെൻഡ് ചെയ്തു.സസ്പെൻഷൻ കാലയളവിൽ ഇവർക്ക് സ്വകാര്യ ജോലികളിൽ പ്രവേശിക്കുന്നതിനും അനുമതിയില്ലാതെ ബൃഹന്മുംബൈ പരിധി വിട്ടുപോകുന്നതിനും വിലക്കുണ്ട്.
വ്യാജ പേരുകളിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതാര്,ഈ പണം അന്തിമമായി ആരുടെ അക്കൗണ്ടുകളിലേക്കാണ് പോയത് എന്നിവയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മുംബൈക്ക് പുറമെ ധൂലെ,ലാത്തൂർ ജില്ലകളിലും സമാനമായ രീതിയിൽ ശമ്പള ഡാറ്റയിൽ തിരിമറി നടന്നതായി റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് മഹാരാഷ്ട്രയിലുടനീളമുള്ള ശമ്പള വിതരണ സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ സമഗ്രമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.










0 comments