ബു സുനൈദയും മോസയും ഇനി പങ്കാളികൾ; ദുബായിൽ റോബോട്ടുകൾക്ക് വിവാഹം

ബു സുനൈദയും മോസയും
ദുബായ് : ഏറെ വ്യത്യസ്തമായ ഒരു വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായ്. ദുബായിൽ നിന്നുള്ള ബു സുനൈദയും മോസയും വിവാഹിതരായി. എഐ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇരുവരും എന്നതാണ് കൗതുകം. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ എഐ ഹ്യൂമനോയ്ഡ് റോബോട്ടാണ് ബു സുനൈദ. സുനൈദയുടെ വധുവായ മോസയും റോബോട്ടാണ്. എമിറാത്തി പാരമ്പര്യപ്രകാരമായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്. ഇരു റോബോട്ടുകളും എമിറാത്തി വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ആഗസ്ത് ഒന്നിനായിരുന്നു ചടങ്ങുകളെന്നാണ് റിപ്പോർട്ട്.
പരമ്പരാഗത കന്തൂറ ധരിച്ച ബു സുനൈദ വിവാഹത്തിനായി ഒരുങ്ങുന്നതും മോസയ്ക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം. അബായയും ശിരോവസ്ത്രവും ധരിച്ചാണ് മോസ പ്രത്യക്ഷപ്പെട്ടത്. എമിറാത്തി നൃത്തവും കരിമരുന്ന് പ്രയോഗവും വിവാഹചടങ്ങുകൾക്കുണ്ടായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും ബു സുനൈദ സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു.
Lootah Robotics വികസിപ്പിച്ച Unitree G1 മോഡൽ ഹ്യൂമനോയ്ഡ് റോബോട്ടാണ് ബു സുനൈദ. 1.27 മീറ്റർ ഉയരവും ഏകദേശം 35 കിലോഗ്രാം ഭാരവുമുള്ള ഈ റോബോട്ട് ഗവേഷണത്തിനും പ്രദർശനങ്ങൾക്കുമായി നിർമിച്ചതാണ്. അറബിയിൽ ജനങ്ങളുമായി സംവദിക്കുകയും സാമൂഹിക–സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്ന ബു സുനൈദയ്ക്ക് ഇൻസ്റ്റഗ്രാമിൽ 12,000-ത്തിലധികം ഫോളോവേഴ്സുണ്ട്. എന്നാൽ ഇത് യഥാർഥ വിവാഹമല്ലെന്നും റോബോട്ടിനെ നിർമിച്ച കമ്പനി ഒരുക്കിയ പരസ്യ പ്രചാരണമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ വിവാഹം പോലുള്ള മതപരമായ ചടങ്ങുകളെ പരസ്യത്തിനായി ഉപയോഗിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. വിവാഹത്തെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായി.










0 comments