ad
Deshabhimani

തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോ​ഗം: ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Image courtesy : timesofindia

ഉദയനിധി സ്റ്റാലിൻ Image courtesy : timesofindia

വെബ് ഡെസ്ക്

Published on Aug 04, 2026, 04:57 PM | 1 min read

ചെന്നൈ: നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോ​ഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടനും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അന്വേഷണ ആവശ്യകതകൾ പാലിക്കണമെന്നും നിർദേശിച്ചുകൊണ്ട് ഉദയനിധി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി സ്വീകരിച്ചു.


ഇന്ന് രാവിലെയോടെയാണ് നീലാങ്കരയിലെ വസതിയിൽ വെച്ച് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് പാർലമെന്റിൽ നടുത്തളത്തിലിറങ്ങി ഡിഎംകെ എംപിമാർ പ്രതിഷേധിച്ചു. പാർലമെന്റെ കവാടത്തിന് മുൻപിലും പ്രവർത്തകർ പ്രതിഷേധിച്ചു. ഉദയനിധിയെ കയറ്റിയ പൊലീസ് വാഹനം തടഞ്ഞ ഡിഎംകെ പ്രവർത്തകർ, സംഭവസ്ഥലത്ത് വൻ പ്രതിഷേധമാണ് ഉയർത്തിയത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റ്ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതേസമയം അറസ്റ്റ് സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും റിമാൻഡ് ചെയ്യേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.


ടിവികെ നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശം. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമർശം.


പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി എം കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെ ദ്വയാർഥ പ്രയോഗം നടത്തി. തുടർന്ന് താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി ഒഴിഞ്ഞുമാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home