ad
Deshabhimani

അമ്മത്തൊട്ടിലിൽ 'ആശകൾ ആയിരം': കുഞ്ഞതിഥിക്ക് പേര് 'സഹസ്ര'

newborn baby
വെബ് ഡെസ്ക്

Published on Aug 04, 2026, 05:49 PM | 1 min read

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞ് അതിഥികൂടിയെത്തി. ചൊവ്വാഴ്ച പുലർച്ചെ 3.35നാണ് 5 ദിവസം പ്രായവും 2.57 കിലോ ഭാരമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ആയിരം പ്രതീക്ഷകളോടെയെത്തിയ കുഞ്ഞിന് സഹസ്ര എന്നാണ് പേരിട്ടത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിയാണ് പേര് നൽകിയത്. സഹസ്ര കൂടി എത്തിയതോടെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം ആയിരമായി.


2002 നവംബർ 14നാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അമ്മത്തൊട്ടിൽ ആരംഭിച്ചത്. 2002 ഡിസംബർ 24ന് അമ്മത്തൊട്ടിലിൽ എത്തിയ ഒന്നാമത്തെ കുഞ്ഞിന് "നിത്യ" എന്നായിരുന്നു പേരിട്ടത്. നൂറാമത്തെ കുഞ്ഞിനെ "ശതശ്രീ" എന്നും വിളിച്ചു. മഴ, വേനൽ, നിള, കനി, കതിർ, ഋതു, തെന്നൽ, തുളസി, പ്രഥമ, മുകിൽ, സ്വതന്ത്ര, ജൂൺ, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതൾ..." എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ് മറ്റ് കുഞ്ഞുങ്ങൾക്കും നൽകിയിരിക്കുന്നത്.


ആകെ ലഭിച്ച 1,000 കുട്ടികളിൽ 681 പേർ പെൺകുട്ടികളും, 319 പേർ ആൺകുട്ടികളുമാണ്. ഏറ്റവുമധികം കുഞ്ഞുങ്ങളെ ലഭിച്ചത് തിരുവനന്തപുരത്താണ് (667 പേർ). കൊല്ലം-38, പത്തനംതിട്ട-28, ആലപ്പുഴ-26, കോട്ടയം-43, ഇടുക്കി-20, എറണാകുളം-21, തൃശൂർ-27, മലപ്പുറം-34, പാലക്കാട്-34, കോഴിക്കോട്-25, കണ്ണൂർ-21, കാസർകോട്-16, വയനാട് -0 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.


ഇടുക്കി, കണ്ണൂർ, വയനാട്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഹൈടെക് അമ്മത്തൊട്ടിലുകൾ നിർമ്മിക്കാനും പുനർനിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home