രണ്ട് സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം
നാഗോൺ: രണ്ട് സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. അസമിലെ നാഗോൺ ജില്ലയിലെ സി ആർ പി എഫ് ക്യാമ്പിൽ ചൊവ്വാഴ്ചയാണ് സംഭവം. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ രണ്ട് സേനാംഗങ്ങൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കാട്ടിമാരിയിലെ 34-ാം ബറ്റാലിയൻ ക്യാമ്പിലെ മെയിൻ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ ബല്ലാനി പ്രേമബാരം ആണ് വെടിവെപ്പ് നടത്തിയത്. ക്യാമ്പിലെ ഗാർഡ് റൂമിൽ നിന്ന് ഇൻസാസ് റൈഫിൾ എടുത്ത് ഇയാൾ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയും ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹെഡ് കോൺസ്റ്റബിൾ വിഷ്ണു പ്രസാദ് ഭാഗേലിന് നേരെയാണ് ആദ്യം വെടിയുതിർത്തത്. ഇയാൾ ക്യാമ്പിൽ വെച്ചുതന്നെ മരണപ്പെട്ടു. തുടർന്ന്, രേഖകളുടെ പരിശോധനയ്ക്കായി ക്യാമ്പിലെത്തിയ സബ് ഇൻസ്പെക്ടർ റാംനവൽ സിങ് യാദവിനെ ഇയാൾ വെടിവെച്ചുകൊന്നു. ആക്രമണത്തിനിടയിൽ 171-ാം ബറ്റാലിയനിലെ എ എസ് ഐ മാാനെ ഗോവിന്ദ് ശ്രീപുലിന് വെടിവെപ്പിൽ പരിക്കേറ്റു.
പിന്നാലെ 171-ാം ബറ്റാലിയൻ ബാരക്കിലേക്ക് പ്രവേശിച്ച പ്രതി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗുവഹാത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്കും മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.










0 comments