മോദിയുടെ വീഡിയോ നീക്കിയാൽ മെറ്റയ്ക്കും രക്ഷയില്ല; മാപ്പപേക്ഷ പോരാ, നടപടി വേണമെന്ന് പാർലമെന്ററി സമിതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കിയതിൽ മെറ്റയ്‌ക്കെതിരെ പാർലമെന്ററി സമിതിയോഗം. നീറ്റ് പരീക്ഷാക്രമക്കേടുകൾക്ക് കാരണമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന് മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ മെറ്റ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കാര്യക്ഷമമായ നിയമം കൊണ്ടുവരുമെന്നാണ് വിഡിയോയിൽ പറഞ്ഞത്. ഇതിന്റെ അടുത്തദിവസമാണ് ബിൽ പാർലമെൻറിൽ പാസാക്കിയത്. അന്ന് പുലർച്ചെ പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. സാങ്കേതിക പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും അത് താല്കാലികമാണെന്നും വിശദീകരണം നൽകിയ മെറ്റ അത് പുനഃസ്ഥാപിച്ചതായും അറിയിച്ചു.
എന്നാൽ ഇന്ന് കൂടിയ പാർലമെന്ററി സമിതി യോഗത്തിൽ മെറ്റയുടെ മാപ്പപേക്ഷ പോരെന്നും മെറ്റയ്‌ക്കെതിരെ നടപടിയെടുക്കണം എന്നുമായിരുന്നു ഉയർന്നുവന്ന ആവശ്യം. സമൂഹ മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, അവയുടെ നിയന്ത്രണം എന്ന വിഷയത്തിലാണ് പാർലമെന്ററി സ്ഥിരംസമിതി ഇന്ന് യോഗം ചേർന്നത്. ഗൂഗിൾ, എക്സ്, സ്നാപ്ചാറ്റ്, മെറ്റ എന്നീ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.










0 comments