തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; ഗോവയിലും എസ്‌ഐആറിലെ ക്രമക്കേട് പുറത്ത്

ഗോവ: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പുറത്തുവന്നതിന് പിന്നാലെ ഗോവയിലും എസ്‌ഐആറിലൂടെ അർഹരായവരെ വെട്ടിയതായി പരാതി. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ 97 പേരും യോഗ്യതയുണ്ടായിട്ടും പുറത്താക്കപ്പെട്ടവരാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗോവ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടോളം കത്തുകൾ അയച്ചിട്ടും മറുപടി ലഭിച്ചില്ല. ഫെബ്രുവരിയിലാണ് അവസാനമായി കത്തയച്ചത്. ഈ കത്തിൽ അർഹരായിട്ടും ഒഴിവാക്കപ്പെട്ട 97 പേരുടെ പേരുവിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.
അർഹരായവരെ ഒഴിവാക്കുന്ന ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇത് പരിഗണിച്ച് പട്ടിക പുനഃപരിശോധിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല.
അതേസമയം, രാജ്യത്തെ വോട്ടർമാരുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന തെരഞ്ഞെടുപ്പ് പട്ടിക പുതുക്കുന്നതിന്റെ മറവിൽ വലിയ അട്ടിമറികൾ നടന്നുവെന്ന പരാതികൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനകത്ത് തന്നെ തർക്കങ്ങളും വിയോജിപ്പുകളും നിലനിന്നിരുന്നതായുള്ള റിപ്പോർടുകൾ പുറത്തുവന്നിരുന്നു.
അധികാരങ്ങൾ മറികടന്നുള്ള ഇടപെടലുകൾ നടന്നതായുള്ള വിവരങ്ങളാണ് ഭിന്നതയിലൂടെ പുറത്തെത്തിയിരിക്കുന്നത്. ഐടി വിഭാഗത്തെ പ്രയോജനപ്പെടുത്തി മുകളിൽ നിന്നുള്ള ആരുടെയോ താത്പര്യം നടപ്പാക്കപ്പെട്ട വിവരവും പുറത്തെത്തിയവയിൽ ഉൾപ്പെട്ടിരുന്നു.








0 comments