ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

മൂന്നാർ: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്ലഭിക്കുന്നത്. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമാപത്തായി നിർമ്മാണം നടന്നുവന്നിരുന്ന കെട്ടിടമാണ് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ സമീപത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ആശങ്കയിലാണ്.
അതേസമയംകുന്ന് ഇടിച്ചുനിരത്തിയും മണ്ണ് നീക്കം ചെയ്തുമാണ് കെട്ടിടത്തിന്റെ നിർമാണം നടന്നത് ആരോപണം ഉയർന്നു. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. റെഡ് സോണിൽ നിർമാണത്തിന് അനുമതി നൽകിയതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന വിമർശനവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട് പ്രഖ്യാപിച്ചത്.
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.










0 comments