ഉത്തരേന്ത്യയിലും കനത്ത മഴ; ഇന്നുമുതൽ അതിതീവ്രമഴ മുന്നറിയിപ്പ്

ചിത്രം: പിടിഐ
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കനത്ത മഴയെത്തുടർന്ന് പ്രളയഭീതിയിൽ. അസമിലും ഒഡീഷയിലെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്നുമുതൽ അതിതീവ്രമഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അസമിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തനവും ദുഷ്കരമാണ്. റോഡുകളും വെള്ളക്കെട്ടുമൂടിയ നിലയിലായതിനാൽ പലഭാഗത്തും എത്തിപ്പെടാൻ കഴിയുന്നില്ല എന്ന പ്രശ്നവുമുണ്ട്.
അസമിലെ നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഒഡീഷയിലെ നാല് ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്. അവിടെയുള്ള വഴികളെല്ലാം അടച്ചനിലയിലായത് ആശങ്ക വർധിപ്പിക്കുന്നു. ഉത്തരാഖണ്ഡിലും ഹിമാചലിലും മണ്ണിടിച്ചിലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.










0 comments