ad
Deshabhimani

മൂഴിയാർ ഡാം തുറന്നു; ആറന്മുളയിൽ അതീവ ജാ​ഗ്രത നിർദേശം, പമ്പയില്‍ ജലനിരപ്പ് ഉയരും

moozhiyar-dam

ഫയല്‍ ചിത്രം

വെബ് ഡെസ്ക്

Published on Aug 03, 2026, 10:41 AM | 2 min read

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ അണക്കെട്ട് തുറന്നു. മുൻകരുതൽ എന്ന നിലയിൽ അണക്കെട്ടിന്റെ 15 സെന്റിമീറ്ററാണ് ഉയർത്തിയത്. നദീ തീരത്ത് ഉള്ളവർ അതീവ ജാ​ഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. ഡാമിന്റെ പരമാവധി സംഭരണശേഷി 192 അടിയാണ്. കനത്ത മഴയെ തുടർന്ന് റെഡ് അലേർട് ലെവലായ 190.00 അടി എത്തിയതോടെയാണ് ഡാം തുറക്കാൻ തീരുമാനമായത്. മൂഴിയാർ ഡാം തുറക്കുന്നതോടെ കക്കാട്ടാറിലും പമ്പയാറിലും ജലനിരപ്പ് ഉയരാൻ ഇടയാക്കും. ഇതോടെ ആറന്മുളയിലെ സ്ഥിതി രൂക്ഷമാകും.


ഇതേതുടർന്ന് ജനങ്ങൾക്ക് അതീവ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. റാന്നിയിൽ നിന്നുള്ള വെള്ളം എത്തുന്നതിനൊപ്പം മൂഴിയാർ ഡാം കൂടി തുറക്കുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുമെന്ന് കണ്ട് മത്സ്യബന്ധന ബോട്ടുകളും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. 20-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ ആറന്മുളയിൽ ഇതിനകം തുറന്നു. വീടുകളുടെ ഒന്നാം നിലയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.


കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പമ്പയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുഴയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭക്തർ പമ്പയിൽ ഇറങ്ങി ബലിതർപ്പണമോ സ്‌നാനമോ നടത്തുന്നത് തടഞ്ഞിട്ടുണ്ട്. നിലവിൽ സന്നിധാനത്തുള്ളവർക്കും ദർശനത്തിന് എത്തുന്നവർക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ബാധകമാണ്.


അട്ടത്തോട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിലക്കലിൽനിന്നുള്ള ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ എരുമേലി വഴി എത്തുന്ന ഭക്തർക്കും പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ ഭക്തർ മുന്നോട്ട് പോകാവൂ എന്ന് നിർദ്ദേശം നൽകി.


മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നുവെന്ന്‌ വ്യക്തമായിട്ടും കൃത്യമായ മുന്നറിയിപ്പ്‌ നൽകാതെ നാടിനെ വെള്ളത്തിലാക്കിയത് സർക്കാർ സംവിധാനങ്ങളെന്ന ആക്ഷേപം ശക്തമാണ്. വെള്ളി രാത്രി എട്ടിനുതന്നെ അണക്കെട്ടിലെ ജലനിരപ്പ്‌ റെഡ്‌ അലർട്ടിൽ എത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വെള്ളി രാത്രി പത്തിന്‌ പുറത്തുവിട്ട ജാഗ്രതാനിർദേശത്തിലുണ്ട്‌. എന്നാൽ ഇക്കാര്യം റവന്യൂ അധികൃതർ കൃത്യമായി തദ്ദേശഭരണ അധികൃതരെ അറിയിച്ചില്ല. ഇതുമൂലം മുന്നറിയിപ്പുകൾ ബാധിതമേഖലയിലുള്ളവരെ മുൻകൂട്ടി അറിയിക്കാനായില്ല.


മൂഴിയാർ ഡാമിൽ പരമാവധി ജലനിരപ്പ്‌ 192.63 മീറ്ററാണ്‌. വെള്ളി രാത്രി എട്ടിന്‌ ഇത്‌ റെഡ്‌ അലർട്ടായ 190 മീറ്ററിന്‌ മുകളിലായിരുന്നു. 192.63 മീറ്ററായി ജലനിരപ്പ്‌ ഉയർന്നാൽ ഏത്‌ സമയത്തും ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നുമായിരുന്നു നിർദേശം. ശനി പുലർച്ചെ 10 സെമീ ഉയരത്തിൽ ഡാമിന്റെ ഷട്ടർ തുറന്നതോടെ പമ്പയുടെ പോഷക നദിയായ കക്കാട്ട്‌ ആറിൽ ജലനിരപ്പുയർന്നു. ഇത്‌ പമ്പയിലെത്തിയതോടെ റാന്നി, വടശേരിക്കര മേഖലയാകെ വെള്ളത്തിൽ മുങ്ങി.


അതിശക്തമായ മഴപെയ്‌ത പത്തനംതിട്ട ജില്ലയിൽ വെള്ളി രാത്രിവരെയും ഓറഞ്ച്‌ അലേർട് മാത്രമാണുണ്ടായിരുന്നത്‌. ജലനിരപ്പുയരുമെന്ന്‌ ഉറപ്പായിട്ടും അ‍ന‍ൗൺസ്‌മെന്റ്‌ നടത്താൻ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട് ഉണ്ട്. അപകടസാധ്യത തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുന്നതിലും വീഴ്‌ചപറ്റി. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച്‌ബുക്ക്‌ അനുസരിച്ച്‌ നടപടികൾ ഏകോപിപ്പിച്ചില്ല. നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന്‌ ശനി രാവിലെ 10നുശേഷമാണ്‌ അറിയിച്ചത്‌. നദികളിൽ ജലനിരപ്പ്‌ ഉയരുന്നുവെന്ന്‌ കേന്ദ്രജല കമീഷൻ വെള്ളിയാഴ്‌ച തന്നെ അറിയിച്ചിരുന്നതാണ്‌. ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ ജലനിരപ്പുയരുന്നതായി റിപ്പോർട്ട്‌ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home