ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് നിർണായക മാറ്റം; ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് പരിശീലകനായി ശുഭദീപ് ഘോഷ്

ശുഭദീപ് ഘോഷ്
ന്യൂഡൽഹി: ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീൽഡിംഗ് പരിശീലകനായി മുൻ അസം, റെയിൽവേസ് താരം ശുഭദീപ് ഘോഷിനെ നിയമിച്ചു.
ഏകദേശം അഞ്ച് വർഷത്തോളം ഈ ചുമതല വഹിച്ച ടി ദിലീപിന് പകരക്കാരനായാണ് ശുഭദീപ് ഘോഷിന്റെ നിയമനം. 2021 നവംബർ മുതൽ 2024-25 ബോർഡർ-ഗാവസ്‌കർ ട്രോഫി വരെ ദിലീപ് ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു. 2025ൽ ഒരു വർഷത്തെ കരാറിൽ തിരിച്ചെത്തിയെങ്കിലും കരാർ നീട്ടിനൽകിയില്ല.
ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ നിയമനം. ഓഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23ന് കൊളംബോയിലും നടക്കും.
ശുഭദീപിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് അസം ക്രിക്കറ്റ് അസോസിയേഷൻ
ശുഭദീപ് ഘോഷിന്റെ നിയമനത്തിൽ അഭിമാനമുണ്ടെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) അറിയിച്ചു. സംസ്ഥാനത്തെ ക്രിക്കറ്റ് മേഖലയ്ക്കും വളർന്നുവരുന്ന പരിശീലകർക്കും ഇത് വലിയ പ്രചോദനമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
വിവിധ പ്രായവിഭാഗങ്ങളിലുള്ള ഇന്ത്യൻ ടീമുകളുമായി പ്രവർത്തിച്ചുള്ള പരിചയവും പരിശീലന മികവും കണക്കിലെടുത്താണ് ഘോഷിന്റെ നിയമനമെന്നും എസിഎ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്കായി കളിച്ചിട്ടില്ല, ആഭ്യന്തര ക്രിക്കറ്റിൽ പരിചയം
ശുഭദീപ് ഘോഷ് ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പരിചയസമ്പത്തുള്ള താരമാണ്. അസം, റെയിൽവേസ് ടീമുകൾക്കായി കളിച്ച അദ്ദേഹം വലംകൈയ്യൻ മധ്യനിര ബാറ്ററായിരുന്നു. ടീം ആവശ്യപ്പെടുമ്പോൾ പാർടൈം ഓഫ് സ്പിൻ ബൗളറായി ബൗളിംഗും ചെയ്തിരുന്നു.
17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 316 റൺസും 17 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 307 റൺസുമാണ് ഘോഷിന്റെ സമ്പാദ്യം. ഇരു ഫോർമാറ്റുകളിലും രണ്ട് വീതം അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
പരിശീലക രംഗത്ത് ശ്രദ്ധേയ അനുഭവം
ഇന്ത്യ എ ടീം, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം എന്നിവയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ശുഭദീപ് ഘോഷ് ഐപിഎൽ ടീമുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയിലും പരിശീലക ചുമതല വഹിച്ചിട്ടുണ്ട്.
വിവിധ പ്രായവിഭാഗത്തിലുള്ള ടീമുകൾ മുതൽ ദേശീയ തലത്തിലെ ക്രിക്കറ്റ് വരെയുള്ള അനുഭവസമ്പത്തുമായാണ് ഘോഷ് ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ നിർണായക സ്ഥാനത്തേക്ക് എത്തുന്നത് എന്നത് ടീമിന്റെ പരിശീലനത്തിന് കരുത്തേകും










0 comments