ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

അപകടസ്ഥലത്ത് അഗ്നിശമന സേനാംഗങ്ങളും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു
ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണ പ്രവർത്തനത്തിനിടെ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് ജീവനക്കാർ മരിച്ചു. ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് കോർഡിനേറ്ററുമാണ് മരിച്ചത്.
ഏഥൻസിന് പടിഞ്ഞാറ് 65 കിലോമീറ്റർ അകലെയുള്ള അറ്റിക്ക-ബോയോട്ടിയ അതിർത്തിയിലാണ് അപകടം ഉണ്ടായത്. കാട്ടുതീ അണയ്ക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ബെൽ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങളിൽ ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ മറ്റൊന്നിൽ ഇടിക്കുന്നതും തുടർന്ന് അത് തീപിടിച്ച് താഴ്‌വരയിലേക്ക് തകർന്നുവീഴുന്നതും കാണാം. മറ്റൊരു ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.
രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റിനും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് രാജ്യത്തെ എല്ലാ ബെൽ ഹെലികോപ്റ്ററുകളും താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് അനുശോചനം രേഖപ്പെടുത്തി.
ഗ്രീസിൽ ഈ ആഴ്ച രൂക്ഷമായ കാട്ടുതീ പടർന്നതിനെ തുടർന്ന് നിരവധി പേരെ ഒഴിപ്പിച്ചിരുന്നു. 500 ലധികം അഗ്നിശമന സേനാംഗങ്ങൾ വിവിധ മേഖലകളിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.










0 comments