മകളെ ബസ് കയറ്റി വിടാനെത്തി; കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു

പുതുക്കാട് : മകളെ ബസ് കയറ്റി വിടാനെത്തിയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. തിങ്കൾ രാവിലെ 7ഓടെ പുതുക്കാട് സെൻ്ററിലായിരുന്നു അപകടം. മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് സിന്ധുവിനെ ബസ് ഇടിച്ചത്.
ചാലക്കുടിക്ക് പോയിരുന്ന പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽ നിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് തലക്കറക്കം അനുഭവപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്ത് കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്ന ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഓടുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു.
ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് സിന്ധു അപകടത്തിൽ പെട്ടത്. കനത്ത മഴയെ തുടർന്ന് സി ജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്.










0 comments