നിരോധനം മാറിയെങ്കിലും കാലാവസ്ഥ ചതിച്ചു; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ, തിരിഞ്ഞുനോക്കാതെ യുഡിഎഫ് സർക്കാർ

ശക്തമായ കടലും കാറ്റും അനുഭവപ്പെടുന്നതിനാൽ ശക്തികുളങ്ങര ഹാർബറിൽ നിന്നും പോയ മത്സ്യബന്ധന ബോട്ടുകളും കടലിൽ പോകാനാകാതെ തങ്കശ്ശേരി ഹാർബറിന് സമീപം നങ്കൂരമിട്ട് കിടക്കുന്നു. ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം : അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം വീണ്ടും കടലിലേക്കിറങ്ങാൻ കാത്ത മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി മഴ. കാലാവസ്ഥ ചതിച്ചതോടെ ട്രോളിങ് നിരോധനം അവസാനിച്ച വെള്ളി അർധരാത്രിയോടെ വിവിധ തുറമുഖങ്ങളിൽനിന്ന് ആവേശത്തോടെ പോയ തൊഴിലാളികൾക്ക് പാതിവഴിയിൽ മടങ്ങേണ്ടി വന്നു. ട്രോളിങ് നിരോധനം കാരണം 52ദിവസമായി ജോലിയില്ലാതെ വീട്ടിലിരുന്ന തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് നിരോധനം നീങ്ങിയ ദിവസം കടലിലിറങ്ങിയത്.
രണ്ടാം ദിവസം ചില ബോട്ടുകളെങ്കിലും കടലിൽ ഇറങ്ങിയെങ്കിലും കാറ്റും കോളും ശക്തമായതിനാൽ പ്രതീക്ഷിച്ചപോലെ മീൻപിടിക്കാനാകാതെ മടങ്ങി. ശക്തമായ കാറ്റും മഴയും തിരമാലകളുടെയും വെല്ലുവിളി നേരിട്ട് കടലിലേക്ക് പോയ നാൽപ്പതോളം വലിയ ബോട്ടുകൾ കടലിൽ ഇറങ്ങിയെങ്കിലും പണി തുടങ്ങാൻ കഴിഞ്ഞില്ല. കിളിമീനും കണവയും മാത്രമാണ് വലയിൽ കയറിയത്. കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ഞായറാഴ്‌ച ഉണ്ടായിരുന്നതിൽ കൂടുതലും കിളിമീൻ ആയിരുന്നു. പിന്നെ കണവയും. കാലാവസ്ഥ തിരിച്ചടിയായതായി മത്സ്യത്തൊഴിലാളികൾ പറയുന്നി. വലിയ ബോട്ടുകൾ മാത്രമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ പോയത്. ഇടത്തരം ബോട്ടുകൾ കടലിൽ ഇറക്കിയില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് തിരമാലയും കാറ്റും അല്പം ശാന്തമായതിനെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ ശക്തികുളങ്ങര പുലിമുട്ട് കടന്ന് കടലിലേക്ക് പോകുന്നു ഫോട്ടോ: എം എസ് ശ്രീധർലാൽ
30 ബോട്ട് തുറമുഖത്തേക്ക് മടങ്ങി സുരക്ഷിതമായി നങ്കൂരമിട്ടു. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് കൂടുതൽ ബോട്ടുകൾ പോയിത്തുടങ്ങിയത്. ആഴക്കടൽ മീൻപിടിത്തത്തിനായി പുറപ്പെട്ട ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുള്ള ബോട്ട് ഉൾപ്പെടെയുള്ള യാനങ്ങളാണ് തീരത്ത് തിരിച്ചെത്തിയത്. വലിയ ബോട്ടുകളിലായി വലിയ കിളിമീനും വെള്ള കണവയും ലഭിച്ചു.
ദുരന്തസാധ്യതയുണ്ടെന്നും ബോട്ടുകൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും മുന്നറിയിപ്പും ഉണ്ടായിരുന്നു. അന്തരീക്ഷം അങ്ങേയറ്റം അപകടകരമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി. ഉൾക്കടലിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ടുകൾ കറങ്ങിയെന്നും ഇതുമൂലം വലയിട്ട് മീൻപിടിക്കാൻ കഴിഞ്ഞില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലവസ്ഥ അനുകൂലമായാൽ ജില്ലയിലെ തീരദേശം തിങ്കളാഴ്ചയോടെ സജീവമാകുമെന്നും കൂടുതൽ മീൻ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
കിളിമീന് 200, കണവയ്ക്ക് 500
ഞായറാഴ്ച രാവിലെ ഹാർബറുകളിലെത്തിയ കിളിമീൻ, കണവ എന്നിവ പ്ലാസ്റ്റിക് കൊട്ടയ്ക്ക് ലേലം വിളിച്ചും തൂക്കത്തിലുമാണ് വിൽപ്പന നടത്തിയത്. വലിയ കിളിമീന് കിലോ 200മുതൽ 250വരെ വില വന്നു. കണവയ്‌ക്ക് 500വരെ ലഭിച്ചു. ചെറിയ കിളിമീന് കിലോ 150മുതൽ 160രൂപ വരെയാണ് വിൽപ്പന നടന്നത്. രണ്ടുമുതൽ രണ്ടരലക്ഷം രൂപ വരെ ലഭിച്ച ബോട്ടുകൾക്ക് 50,000രൂപ വരെ ചെലവാണ് ഉണ്ടായത്. വലിയ ബോട്ടുകൾക്കാണ് കൂടുതൽ കിളിമീൻ ലഭിച്ചത്.
പുറംകടലിൽ ദിവസങ്ങൾ തങ്ങി ട്രോളിങ് നടത്തുന്ന വലിയ ബോട്ടുകൾ തിരിച്ചെത്താൻ നാലുമുതൽ ഏഴുദിവസം വരെ എടുക്കും. വലിയ ബോട്ടുകളിൽനിന്നു കരിക്കാടി, കഴന്തൻ, നാരൻ, വലിയ അയല, കൊഴിയാള ഉൾപ്പെടെയുള്ളവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.
കനത്ത മഴയിലും ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയി തിരികെ വന്ന ബോട്ടുകളിൽ നിന്നു മത്സ്യം ഇറക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: എം എസ് ശ്രീധർലാൽ
പുറംകടലിൽ മീൻപിടിത്തം നടത്തുന്ന വലിയ ബോട്ടുകൾക്ക് ഡീസൽ, ഐസ്, ബാറ്റ, തൊഴിലാളികളുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചെലവ് വരുമെന്ന് ബോട്ട് ഉടമകൾ പറയുന്നു. മണ്ണെണ്ണ, ഡീസൽ എന്നിവയുടെ വിലവർധന പ്രതിസന്ധിയാണെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ബോട്ടുകളിൽ കൂടുതലായി അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്.
നിരോധനത്തെതുടർന്ന് അടഞ്ഞുകിടന്നിരുന്ന ഹാർബറുകൾക്ക് സമീപത്തെ കടകൾ പതിയെ പ്രവർത്തിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മീൻ എടുക്കാനായി ഇരുഹാർബറുകളിലും നിരവധി വാഹനങ്ങൾ വരുംദിവസങ്ങളിൽ എത്തും. ആദ്യദിനത്തിൽ എത്തിയ പലർക്കും മീൻ കിട്ടാതെ മടങ്ങേണ്ടി വന്നിരുന്നു. ട്രോളിങ് നിരോധന കാലത്തുണ്ടായ കടങ്ങളെല്ലാം തുടക്കത്തിൽതന്നെ വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ കാലാവസ്ഥ മോശമായാൽ തൊഴിലാളികളുടെ ജീവിതം കൂടുതൽ പരിതാപകരമാകും.
ട്രോളിംഗ് നിരോധനത്തിന് ശേഷം കനത്ത മഴയെ തുടർന്ന് കടലിൽ പോകാൻ ആവാതെ ശക്തികുളങ്ങര ഹാർബറിൽ കിടക്കുന്ന ബോടുകളും ഒഴിഞ്ഞു കിടക്കുന്ന ഹാർബറും. ഫോട്ടോ: എം എസ് ശ്രീധർലാൽ
ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് പലരും വള്ളവും ബോട്ടുമടക്കം അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, മഴയും കാറ്റും പ്രതികൂലമായതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനവും ട്രോളിങ് നിരോധനവും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ റേഷനും പഞ്ഞമാസ ആശ്വാസ തുകയും ഉൾപ്പെടെയുള്ള ഒരു സഹായവും നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതും തൊഴിലാളികൾക്ക് ഇരുട്ടടിയായി. സർക്കാർ സഹായം ലഭിക്കാനും കടലിനുമുകളിലെ ആകാശം തെളിയാനും കാത്തിരിക്കുകയാണവർ.










0 comments