എബോള വ്യാപനം; ചികിത്സാ ഭീതിയിൽ ഗർഭിണികൾ, കോംഗോയിൽ മാതൃമരണ പ്രതിസന്ധി രൂക്ഷം

കോംഗോയിലെ എബോള വ്യാപനം മാതൃആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുന്നു
ബുനിയ: കിഴക്കൻ കോംഗോയിൽ എബോള വ്യാപനത്തെ തുടർന്നുള്ള ഭീതിയിൽ ഗർഭിണികൾ ആശുപത്രികളിലെ ഗർഭപരിശോധനകൾ ഒഴിവാക്കുന്നതായി റിപ്പോർട്ട്. ഇതോടെ ഇറ്റൂരി പ്രവിശ്യയിൽ മാതൃമരണ നിരക്ക് ഇരട്ടിയായതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.
എബോള ബാധ പ്രഖ്യാപിച്ചതിന് പിന്നാലെ പനി വന്നാൽ പോലും ഒറ്റപ്പെടുത്തുമെന്ന തെറ്റിദ്ധാരണയാണ് പല ഗർഭിണികളെയും ചികിത്സയിൽ നിന്ന് അകറ്റുന്നത്. ഗർഭപരിചരണം വൈകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എബോള പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇറ്റൂരിയിൽ ആഴ്ചയിൽ ശരാശരി 3.1 മാതൃമരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മേയ് അവസാനത്തോടെ ജൂലൈ വരെയുള്ള കാലയളവിൽ ഇത് 5.8 ആയി ഉയർന്നു. ആശുപത്രികൾക്ക് പുറത്തുള്ള പ്രസവമരണങ്ങളുടെ എണ്ണവും വർധിച്ചു.
ബുനിയയിലെ ചില ആരോഗ്യകേന്ദ്രങ്ങളിൽ ഗർഭപരിശോധനയ്ക്കായി എത്തുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി. തെറ്റായ വിവരങ്ങളും ആരോഗ്യകേന്ദ്രങ്ങളോടുള്ള ഭയവുമാണ് പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു.
കോംഗോയിൽ എബോള ബാധ അതിവേഗം വ്യാപിക്കുന്നതിനിടെ ആരോഗ്യസംവിധാനത്തിന് വലിയ സമ്മർദ്ദമാണ് നേരിടുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി ആരോഗ്യപ്രവർത്തകരും ബാധിക്കപ്പെട്ടതോടെ ഗർഭിണികൾക്കുള്ള സാധാരണ ആരോഗ്യസേവനങ്ങൾക്കും തടസ്സം നേരിടുകയാണ്.










0 comments