മുൻകൂർ അറിയിപ്പില്ലാതെ പിരിച്ചുവിട്ടു: ഡിജിറ്റൽ സർവേ കരാർ ജീവനക്കാർ കളക്ടർക്ക് നിവേദനം നൽകി

മലപ്പുറം: മുൻകൂർ അറിയിപ്പോ ഔദ്യോഗിക ഉത്തരവോ ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലും നാലര മാസത്തെ ശമ്പള കുടിശ്ശിക സംബന്ധിച്ച് വ്യക്തത നൽകാത്തതിലും പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ ഡിജിറ്റൽ സർവേ കരാർ ജീവനക്കാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. സർവേയർമാരും ഹെൽപ്പർമാരും ഉൾപ്പെടെയുള്ള ജീവനക്കാരാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ചത്.
ജൂലൈ 31നാണ് ജില്ലയിലെ വിവിധ താലൂക്കുകളിൽ ജോലി ചെയ്തിരുന്ന 350 കരാർ സർവേയർമാരുടെയും കരാർ ഹെൽപ്പർമാരുടെയും തിരിച്ചറിയൽ കാർഡുകൾ ഉദ്യോഗസ്ഥർ തിരികെ വാങ്ങി, മുൻകൂർ അറിയിപ്പില്ലാതെ ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇവരെ കരാർ വ്യവസ്ഥയിൽ നിയമിച്ചിരുന്നത്. ആറുമാസ കാലാവധിയുള്ള കരാറിലായിരുന്നു നിയമനം. ഓരോ ആറുമാസം കഴിയുമ്പോഴും കരാർ പുതുക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും, ഭൂരിഭാഗം ജീവനക്കാരുടെയും കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണ് സേവനം അവസാനിപ്പിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലര മാസമായി ശമ്പളം ലഭിക്കാതെയാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. ശമ്പള കുടിശ്ശിക എപ്പോൾ നൽകുമെന്ന കാര്യത്തിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഡിജിറ്റൽ സർവേ പദ്ധതിക്ക് നിലവിൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതാണെന്ന അനൗദ്യോഗിക വിവരം മാത്രമാണ് ലഭിച്ചതെന്നും എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ അല്ലെങ്കിൽ സർവേയും ഭൂരേഖയും വകുപ്പ് ജീവനക്കാർക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
ഭാവിയിൽ ഡിജിറ്റൽ സർവേ പദ്ധതി പുനരാരംഭിച്ചാൽ നിലവിൽ പിരിച്ചുവിട്ട ജീവനക്കാരെ വീണ്ടും നിയമിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കരാർ ജീവനക്കാരെ പുനർനിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.










0 comments