ലോകത്തിലെ കുഞ്ഞൻ രാജ്യം നൗറു പേരുമാറ്റി: പൗരൻമാരെ ഇനിമുതൽ 'ദേ-നവോറോ' എന്നു വിളിക്കണം

യാരെൻ: കുഞ്ഞൻ രാജ്യങ്ങൾ പുതുതരംഗമാവുന്ന കാലത്ത് ഒരു കൊച്ചു രാജ്യം കൂടി ലോക ശ്രദ്ധയിൽ എത്തുന്നു. പസിഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് രാജ്യമായ നൗറു പേരുമാറ്റി. ഇനി മുതൽ തങ്ങളുടെ സ്വന്തം ഭാഷാ തനിമയുള്ള പേരായ 'റിപ്പബ്ലിക് ഓഫ് നവോറോ' എന്നറിയപ്പെടും.
ഈ കുഞ്ഞു രാജ്യത്തെ ജനസംഖ്യം 12,100 നടുത്താണ്. അധിനിവേശ കാലഘട്ടത്തിൽ വിദേശികൾ വിളിക്കാനുള്ള എളുപ്പത്തിനാണ് നൗറു എന്ന പേര് സ്ഥിരപ്പെടുത്തിയത്. ഇത് സ്വദേശികൾ സ്വയം വിശേഷിപ്പിക്കയും വിളിക്കയും ചെയ്യുന്ന ഇഷ്ടനാമത്തിലേക്ക് മാറ്റുകയാണ്.
രാജ്യത്തിന്റെ പ്രസിഡന്റ് ഡേവിഡ് അഡീയാങ് ആണ് മാറ്റം പ്രഖ്യാപിച്ചത്. പൗരൻമാരെ വിശേഷിപ്പിക്കുന്നതിലും ഇതോടെ മാറ്റം വരും. ഇനി മുതൽ ഇവിടെയുള്ള ജനങ്ങൾ 'നൗറുവൻ' എന്നതിന് പകരം 'ദേ-നവോറോ' (dei-Naoero) എന്നാണ് വിളിക്കപ്പെടുക.
ലോകത്തിൽ വത്തിക്കാൻ സിറ്റിക്കും തുവാലുവിനും ശേഷം ജനസംഖ്യയിൽ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് നവോറോ. ആഗോളതാപനം മൂലമുള്ള സമുദ്രനിരപ്പ് ഉയർച്ച വലിയ ഭീഷണിയുയർത്തുന്ന ദ്വീപ് രാജ്യം കൂടിയാണിത്. മുങ്ങിപ്പോകുമോ എന്ന ആശങ്കയിലും ജനങ്ങൾ തുടരുന്നു. ഭൂമധ്യ രേഖയ്ക്ക് തൊട്ടുതെക്ക് പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യ എന്ന ഉപമേഖലയിലാണ് 21 ചതരുശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ രാജ്യം ആശ്ചര്യമായി നിലകൊള്ളുന്നത്.
അയൽ രാജ്യങ്ങൾ ഒന്നും അടുത്തില്ല. കിരിബാട്ടിയുടെ ഭാഗമായ ബനാബ ദ്വീപ് ആണ് അയൽപക്കം എന്നു പറയാവുന്നത്. ഇതുതന്നെയും ഏകദേശം 300 കിലോമീറ്റർ കിഴക്ക് മാറിയാണ്.










0 comments